ഒരു ഗ്രാമത്തെ ഇരുട്ടിലാക്കി ചാരവും പുകയും; തീ തുപ്പി മൗണ്ട് സിനബുങ്; വിഡിയോ

ഇന്തൊനേഷ്യയിൽ മൗൺ് സിനബുങ് അഗ്നി പർവതം പൊട്ടിത്തെറിച്ചു. തിങ്കളാഴ്ചയാണ് സംഭവം. 5 കിലോമീറ്റർ ചുറ്റളവിലാണ് ചാരവും പുകയും പടർന്നത്. സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ പൂര്‍ണമായും ഇരുട്ടിലായി. കട്ടിയിലുള്ള അവശിഷ്ടങ്ങളാണ് സമീപപ്രദേശങ്ങില്‍ നിറഞ്ഞിരിക്കുന്നത്. ഒരു ഗ്രാമത്തില്‍ പകല്‍ തന്നെ രാത്രിയുടെ പ്രതീതിയായി. സുമാത്ര ദ്വീപിലുള്ള അഗ്നിപര്‍വതം 2016-ലാണ് ഇതിനു മുന്‍പ് പൊട്ടിയത്. അന്ന് 7 പേര്‍ മരിച്ചിരുന്നു. 2014-ല്‍ 16 പേരാണു മരിച്ചത്. 

കഴിഞ്ഞയാഴ്ച അവസാനം ചെറിയതോതില്‍ അഗ്നിപര്‍വതത്തില്‍നിന്ന് ചാരവും പുകയും പുറത്തേക്കുവന്നിരുന്നു. സ്‌ഫോടനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കൂടുതല്‍ ലാവ പുറത്തേക്ക് ഒഴുകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. റെഡ് സോണ്‍ മേഖലയില്‍ ആരും പ്രവേശിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു.

അഗ്നിപര്‍വതത്തിന്റെ ഒരു നിശ്ചിത പരിധി അകലത്തില്‍ ആരെയും താമസിക്കാന്‍ അനുവദിക്കാറില്ല. തിങ്കളാഴ്ച സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് അരമണിക്കൂറോളം പൂര്‍ണമായി ഇരുട്ടിലായെന്ന് സമീപവാസികള്‍ പറഞ്ഞു. ചിലയിടങ്ങളില്‍ കൃഷിനാശമുണ്ടായി. കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിച്ചാണ് ആളുകള്‍ സുരക്ഷിതസ്ഥലങ്ങളിലേക്കു പാഞ്ഞത്. 

2018ല്‍ സുമാത്രയ്ക്കു സമീപം ഉണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 400 പേര്‍ മരിച്ചിരുന്നു. ഇന്തൊനീഷ്യയില്‍ സജീവമായ 130 അഗ്നിപര്‍വതങ്ങളാണുള്ളത്.