റഷ്യയുടെ വാക്സിൻ; ആദ്യം എന്നിൽ കുത്തിവയ്ക്കൂ: ഫിലിപ്പെൻസ് പ്രസിഡന്റ്

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സിൻ റഷ്യ ഉടൻ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. ഇതിന് പിന്നാലെ വാക്സിൻ ആദ്യം തന്നെ തന്റെ ശരീരത്തിൽ പ്രയോഗിക്കണം എന്നാവശ്യവുമായി ഫിലിപ്പെൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റർറ്റെ രംഗത്തെത്തി. റഷ്യയിലുള്ള വിശ്വാസവും നന്ദിയും അറിയിക്കാനാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. 

പൊതുജനങ്ങളുടെ മുന്നിൽ വച്ചുതന്നെ വാക്സിൻ ശരീരത്തിൽ സ്വീകരിക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. 

അതേസമയം വാക്സീൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാൾതന്നെ സംശയം പ്രകടിപ്പിച്ചതോടെ ആശയക്കുഴപ്പവും വർധിക്കുകയാണ്. ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വർധിപ്പിച്ചേക്കാമെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 

ധൃതിയെക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാവണം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു ലോകാരോഗ്യ സംഘടനയും റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരിക്കെയാണ് ഉടൻ വാക്സീൻ റജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.