ന്യൂസീലന്‍ഡില്‍ വീണ്ടും കോവിഡ്; 102 ദിവസത്തിന് ശേഷം 4 പേര്‍ക്ക്

102 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ന്യൂസീലന്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ സൗത്ത് ഓക്‌സ്‌ലാന്റില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ രോഗബാധയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനെ തുടര്‍ന്ന് നഗരമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി ജസീന്ത അര്‍ഡേന്‍ അറിയിച്ചു.

ഭരണകൂടം ഏര്‍പ്പെടുത്തിയ നിരീക്ഷണ സംവിധാനത്തിന് പുറത്ത് കോവിഡ് സ്ഥിരീകരിക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്. രോഗ വ്യാപനം തടയുന്നതിനായി ഞങ്ങള്‍ എല്ലാവിധത്തിലും ശ്രമിച്ചതായും പ്രധാനമന്ത്രി ജസീന്ത അര്‍ഡേന്‍ അറിയിച്ചു. നേരത്തെ, കോവിഡ് സമ്പര്‍ക്കവ്യാപനം ഫലപ്രദമായി തടഞ്ഞ ന്യൂസിലാന്റിന്റെ നടപടികളെ ലോകം മുഴുവന്‍ പ്രശംസിച്ചിരുന്നു. 

ലോകാരോഗ്യസംഘടനയും രാജ്യത്തെ വാഴ്ത്തിയിരുന്നു. നിലവില്‍ 22 ദശലക്ഷം ജനസംഖ്യ ഉള്ള ന്യൂസിലന്റില്‍ രോഗം ബാധിച്ച് മരിച്ചത് ഇതേവരെ 22 പേര്‍ മാത്രമാണ്.