കടലിലേക്ക് പറന്നിറങ്ങി ശാസ്ത്രജ്ഞർ; ഭൂമിയെ തൊട്ട് സ്പെയ്സ് എക്സ്

ചിത്രം; ട്വിറ്റർ

രണ്ട് മാസം നീണ്ട ദൗത്യത്തിന് ശേഷം ശാസ്ത്രജ്ഞരെയും വഹിച്ച് സ്പെയ്സ് എക്സ് ക്രൂ ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയെ തൊട്ടു. മെക്സിക്കൻ കടലിടുക്കിലാണ് ബഹിരാകാശ യാത്രികർ പറന്നിറങ്ങിയത്. കഴിഞ്ഞ ദശാബ്ദത്തിനിടയിൽ നടന്ന ഏറ്റവും സുരക്ഷിതമായ ലാൻഡിങ് ആയിരുന്നു ഇത്. ബഹിരാകാശത്ത് മനുഷ്യരെയെത്തിച്ച് സുരക്ഷിതമായി തിരിച്ചെക്കുകയെന്ന ദൗത്യം നാസയും സ്പെയ്സ് എക്സും സംയുക്തമായാണ് നടപ്പിലാക്കിയത്. ഫ്ലോറിഡയിലെ പെൻസാകൊളയിൽ യുഎസ് സമയം ഉച്ച തിരിഞ്ഞ് 2.48 നായിരുന്നു ലാൻഡിങ്. സ്വകാര്യ മേഖലയിൽ റോക്കറ്റും മനുഷ്യപേടകവും ഉപയോഗിച്ച് വിജയകരമായി നടപ്പിലാക്കിയ ആദ്യ ദൗത്യമെന്ന പ്രത്യേകതയും ഇതിനുണ്ട്.

1975ലെ അപ്പോളോ സോയൂസ് മിഷന് ശേഷം ഇതാദ്യമായാണ് വെള്ളത്തിൽ യുഎസ് സ്പെയ്സ് ഷിപ്പ് സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത്. ബോബോ ബെഹ്ൻകെൻ, ഡോ ഹർലി എന്നിവരാണ് പേടകത്തിൽ ഉണ്ടായിരുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനായി ബോട്ടുകളടക്കം സജ്ജമാക്കിയിരുന്നു. 

 നാസയുടെ ചരിത്രത്തിലെ നിർണായക നാഴികക്കല്ലാണിതെന്നും വലിയ യാത്രയുടെ തുടക്കമാണെന്നും നാസ അഡ്മിനിസ്ട്രേറ്റർ ജിം ബേർഡ്സ്റ്റെയിൻ പറഞ്ഞു.