ഇടവേളയ്ക്ക് ശേഷം ചൈനയിൽ കോവിഡ് കേസുകൾ കൂടുന്നു; വിട്ടൊഴിയാതെ മഹാമാരി

സാധാരണ നിലയിലേക്ക് ചൈന തിരികെ വരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ വീണ്ടു കോവിഡ് കേസുകളുടെ എണ്ണം ചൈനയിൽ വർധിച്ചതായി റിപ്പോർട്ടുകൾ. 61 പുതിയ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ മാസത്തിന് ശേഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കൂടിയ കണക്കാണിത്. കോവിഡിന്റെ രണ്ടാം വരവാണോ എന്ന ആശങ്ക ഇപ്പോൾ ലോകരാജ്യങ്ങളിലേക്കും പടരുകയാണ്. 

ലോകമെമ്പാടുമുള്ള കോവിഡ് പോസിറ്റീവ് കേസുകൾ 1.6 കോടി കവിയുമ്പോൾ സ്പെയിനിൽ കോവിഡിന്റെ രണ്ടാം വരവ് യൂറോപ്പിലും കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ഔദ്യോഗിക കണക്കുകളെക്കാൾ കൂടുതലാണ് യഥാർഥ മരണസംഖ്യയെന്നും ആരോപണമുണ്ട്. യുഎസിൽ ഫ്ലോറിഡ, ടെക്സസ്, കലിഫോർണിയ എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി അതീവ രൂക്ഷമാണ്.സ്പെയിനിനെ സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തിയ ബ്രിട്ടൻ, അവിടെ നിന്നെത്തുന്നവർക്ക് 2 ആഴ്ചത്തെ ക്വാറന്റീനും നിർബന്ധമാക്കി. മറ്റു യൂറോപ്യൻ രാജ്യങ്ങളും പൗരന്മാർക്കു ജാഗ്രതാ നിർദേശം നൽകി. 

ദക്ഷിണ കൊറിയയിൽ നിന്ന് തിരിച്ചെത്തിയയാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉത്തര കൊറിയയുടെ അതിർത്തി പട്ടണമായ കെയ്സോങ്ങിൽ പ്രസിഡന്റ് കിം ജോങ് ഉൻ അടിയന്തരാവസ്ഥയും ലോക്ഡൗണും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഉത്തര കൊറിയയിൽ ആർക്കെങ്കിലും കോവിഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.