വലിയ കുഴിമാടങ്ങൾ, കൂട്ടിയിട്ട് മൃതദേഹങ്ങൾ, കണ്ണീർക്കാഴ്ചയായി ബ്രസീലിലെ സെമിത്തേരികൾ

ബ്രസീലിലെ വലിയ നഗരങ്ങളിലൊന്നായ സാവോ പോളോയിലെ ഇപ്പോഴത്തെ കാഴ്ച സെമിത്തേരികളില്‍ കൂടുതല്‍ കുഴിമാടങ്ങളുണ്ടാക്കുന്നതാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാമുന്‍കരുതലിന്റെ കൂടി ഭാഗമായി പുതിയ കുഴിമാടങ്ങള്‍ ഉണ്ടാക്കുന്നത്.

ലോകത്തിന്റെ കോവിഡ് പട്ടികയില്‍ അതിവേഗം സ്ഥാനക്കയറ്റം കിട്ടിക്കൊണ്ടിരിക്കുന്ന ബ്രസീല്‍ ഇനി ത്വരിത വേഗത്തില്‍ ചെയ്യേണ്ട നടപടി നിര്‍ഭാഗ്യവശാല്‍ ഇതുതന്നെയാണ്. വലിയ അളവില്‍ കുഴിമാടങ്ങളുണ്ടാക്കുക. മരണനിക്കിന്റെ ക്രമാതീതമായ വര്‍ദ്ധനയാണ് ബ്രസീലില്‍ കൂടുതല്‍ കുഴിമാടങ്ങള്‍ കിളച്ചുണ്ടാക്കാന്‍ കാരണമാകുന്നത്. മാത്രമല്ല ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കോവിഡ് ബാധിച്ചവരെ മറവു ചെയ്യാന്‍ സധാരണയില്‍ കവിഞ്ഞ ആഴമുള്ള കുഴികളെടുക്കേണ്ടതുണ്ട്.അതിനാല്‍ സ്ഥലസൗകര്യം കൂടതലുള്ള സെമിത്തേരികള്‍ തിരഞ്ഞെടുത്ത് സാധാരണയിലും വലിയ കുഴികള്‍ വേഗത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇരുപത്തിരണ്ടായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കെ സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇനിയുള്ള സംസ്കാരങ്ങള്‍ ഇത്തരം കുഴികളില്‍ മതി എന്നാണ്.

രാജ്യത്തെ വലിയ സെമിത്തേരികളിലെ കാഴ്ച മനസുതകര്‍ക്കുന്നതാണ്.കൂട്ടമായി എത്തുന്ന മൃതദേഹങ്ങള്‍, കൂടെയെത്തുന്ന കണ്ണീര്‍ തോരാത്ത ബന്ധുക്കള്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനെത്തുന്ന  സുരക്ഷാ ഉദ്യോഗസ്ഥര്‍. ആശങ്കയുടെ കാലം ബ്രസീലിന് ഇനിയും അന്യമല്ല. ബ്രസീലിന്റെ ദക്ഷിണമേഖലകളില്‍ അതിശൈത്യകാലം തുടങ്ങാനിരിക്കെ രോഗവ്യാപനതോതും മരണനിരക്കും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ പ്രസിഡന്റ് ജൈര്‍ ബൊള്‍സൊനാരോ പരാജയപ്പെട്ടിവെന്നാരോപിച്ച് ജനങ്ങള്‍ പലയിടത്തും പ്രതിഷേധിക്കുകയാണ്. ബൊള്‍സൊനാരോക്കുണ്ടായിരുന്ന ജനപിന്‍തുണ പാടെ നഷ്ടമായി.