കോവിഡിൽ ഭരണകൂടം ‘സമ്പൂര്‍ണ്ണ ദുരന്തം’; ട്രംപിനെതിരെ ഒബാമ

കോവിഡ് വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രസിഡന്റ് ബറാക് ഒബാമ. തന്റെ ഭരണകാലയളവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഒബാമയുടെ പ്രതികരണം. കോവിഡ് പ്രതിസന്ധിയെ യുഎസ് ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ ‘സമ്പൂര്‍ണ്ണ ദുരന്തം’ എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. 

എറ്റവും മികച്ച സർക്കാരിന്റെ കീഴിലും സ്ഥിതി മോശമായേനെ. എന്നാൽ ഇതിൽ എനിക്കെന്തു കിട്ടും എന്നും മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും പ്രശ്നമല്ല എന്നുമുള്ള ചിന്താഗതി സർക്കാർ നടപ്പാക്കുന്നത് സമ്പൂര്‍ണ്ണ ദുരന്തമാണെന്ന് ഒബാമ പറഞ്ഞു. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനു വേണ്ടി കൂടുതൽ പങ്ക് തനിക്ക് വഹിക്കാനുണ്ടെന്നും ഒബാമ വ്യക്തമാക്കി.

യുഎസില്‍ കോവിഡ് മരണം 80,000 കടന്നു  ആകെ രോഗികളുടെ എണ്ണം പതിമൂന്നരലക്ഷത്തോടടുത്തു.  യുഎസില്‍ ന്യൂയോര്‍ക്കില്‍ മാത്രം മൂന്നരലക്ഷത്തിനടുത്ത് രോഗികളും കാല്‍ലക്ഷത്തിനടുത്ത് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.