‘കൊറോണ ബാധിച്ച് ജാക്കി ചാൻ നിരീക്ഷണത്തിൽ’; പോസ്റ്റുമായി സൂപ്പർ താരം രംഗത്ത്

കൊറോണ വൈറസ് ഭീതി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ചൈനയിൽ ഇപ്പോഴും മരണസംഖ്യ ഉയരുകയാണ്. ഇതിെനാപ്പമാണ് സമൂഹമാധ്യമങ്ങളിൽ ദിവസങ്ങൾക്ക് മുൻപ് ഒരു പോസ്റ്റ് വൈറലായത്. സൂപ്പർ ആക്‌ഷൻ താരം ജാക്കി ചാന് കോവിഡ്–19 (കൊറോണ വൈറസ്) ബാധിച്ചെന്നായിരുന്നു പോസ്റ്റ്. കൊറോണ ബാധിച്ച താരം നിരീക്ഷണത്തിലാണെന്നായിരുന്നു വാർത്ത. ലോകമെമ്പാടും ഇക്കാര്യം ചർച്ചയായതോടെ വിശദീകരണവുമായി ജാക്കി ചാൻ തന്നെ രംഗത്തെത്തി.

‘എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും തുടങ്ങി നിരവധി ആളുകൾ സന്ദേശങ്ങൾ അയച്ചിരുന്നു. നിങ്ങളുടെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു. ലോകം മുഴുവനുള്ള എന്നെ സ്നേഹിക്കുന്ന ആരാധകർ സ്പെഷൽ സമ്മാനങ്ങളും അയയ്ക്കുകയുണ്ടായി. അയച്ചു തന്നെ ഫേസ് മാസ്കുകൾക്കു നന്ദി. ആ സമ്മാനങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുന്ന ആളുകൾക്ക് നൽകാൻ എന്റെ ടീമിനോട് അറിയിച്ചിട്ടുണ്ട്.’–ജാക്കി ചാൻ പറഞ്ഞു.

കുറച്ചു പൊലീസുകാർ ഹോങ്കോങിൽ പാർട്ടി നടത്തുന്ന  വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വ്യാജ പ്രചാരണം തുടങ്ങുന്നത്. പിന്നീട് അതേ പൊലീസുകാരിൽ  59 പേരെ കൊറോണ വൈറസ് ബാധയുടെ നിരീക്ഷണത്തില്‍ ഉൾപ്പെടുത്തിയിരുന്നു. അതിലൊരു പൊലീസ് ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. 

ജാക്കി ചാനും സുഹൃത്തുക്കളും ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വാർത്തകൾ വന്നു. ഇതേ തുടർന്ന് ജാക്കി ചാനും കൊറോണ വൈറസ് ബാധയുടെ നിരീക്ഷണത്തിലാണെന്നായി. എന്തായാലും നടന്റെ വെളിപ്പെടുത്തലോടെ ആരാധകരുടെ ആശങ്കയും അകന്നു.