അച്ഛനെ കാട്ടുതീയെടുത്തു; ഹെൽമെറ്റ് തലയിലേറ്റി കുഞ്ഞുമകൾ; ലോകത്തിന്റെ കണ്ണീർ

ജീവിതത്തിലെ വലിയ നഷ്ടം ഇൗ കുഞ്ഞിന് മനസിലായിട്ടുണ്ടാവില്ല. കാരണം അതിനുള്ള പ്രായം അവൾക്കായിട്ടില്ല. കേവലം 19 മാസം പ്രായമുള്ള ഇൗ മകളുടെ മുഖം ലോകത്തെ കണ്ണീരിലാഴ്ത്തുന്നു. ഓസ്ട്രേലിയയിലെ കാട്ടുതീ കെടുത്താൻ ഇറങ്ങിപ്പുറപ്പെട്ട സേനയിലെ അംഗമായിരുന്നു ഷാർലെറ്റിന്റെ അച്ഛൻ ആന്‍ഡ്രൂ. രക്ഷാപ്രവർത്തനത്തിനിടെ ആൻഡ്രൂവിന് ജീവൻ നഷ്ടമായി. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടക്കുന്ന സ്ഥലത്തെത്തിയ ഷാർലെറ്റിന്റെ ചിത്രങ്ങളാണ് ലോകത്തെ പൊള്ളിക്കുന്നത്.

അച്ഛന്റെ ഹെൽമെറ്റ് തലയിൽ വച്ച് മെഡൽ നെഞ്ചോട് ചേർത്ത് ഒന്നുമറിയാതെ അവൾ മൃതദേഹത്തിന് സമീപം നിന്നു. ഷാര്‍ലറ്റിന്റെ വെള്ളയുടുപ്പിലാണ് അച്ഛന്റെ ധീരതയ്ക്കുള്ള മെഡൽ അധികൃതർ കുത്തിക്കൊടുത്തത്. മോളുടെ അച്ഛൻ ഒരു ഹീറോയാണെന്ന് അവളോട് അധികൃതർ പറയുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനിടെ ആൻഡ്രു സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. ഇൗ അപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. അച്ഛന്റെ ഹെൽമെറ്റ് മറ്റാർക്കും കൊടുക്കാതെ അവൾ തലയിൽ തന്നെ വച്ചുകൊണ്ടുനടന്നു.