ലൈവ് റിപ്പോര്‍ട്ടിങ്; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് യുവാവ്; രോഷവിഡിയോ

സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഇൗ വനിതാ മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ്. തല്‍സമയ റിപ്പോര്‍ട്ടിങ്ങിനിടെ തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ചാണ് അലക്സ് ബോസർജിയാൻ പറയുന്നത്. ജോർജിയയിലെ സാവന്നയിലെ വെർച്വൽ ചാനൽ ത്രീയ്ക്കുവേണ്ടി സാവന്ന ബ്രിഡ്ജിൽ നിന്ന് ഓട്ടമൽസരത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മൽസരത്തിൽ പങ്കെടുക്കുന്ന ഒരാൾ അലക്സയോട് മോശമായി പെരുമാറിയത്.

ഒാടിയെത്തുന്ന മല്‍സരാര്‍ഥികളെ കുറിച്ച് ആവേശത്തോടെ അലക്സ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പലരും ക്യാമറ കണ്ടതോടെ സന്തോഷം പ്രകടിപ്പാണ് ഒാട്ടം തുടര്‍ന്നത്. എന്നാല്‍ ഇതിനിടയില്‍ ഒരു യുവാവ് റിപ്പോര്‍ട്ടറുടെ ശരീരത്തില്‍ സ്പര്‍ശിച്ച് കടന്നുപോവുകയായിരുന്നു.  ഇതോടെ അലക്സ ഒരു നിമിഷം നിശ്ശബ്ദയാകുന്നതും നടുക്കം മാറാത്ത മുഖത്തോടെ റിപ്പോർട്ടിങ് തുടരുന്നതും പങ്കുവച്ച വിഡിയോയില്‍ കാണാം. 

‘ലൈവ് റിപ്പോർട്ടിങ്ങിനിടെ എന്റെ നിതംബത്തിൽ പ്രഹരിച്ചയാളോട് എനിക്ക് പറയാനുള്ളതിതാണ്. നിങ്ങൾ പരിധികൾ ലംഘിച്ചു, എന്നെ സംഭ്രമത്തിലാക്കി. ഇനിയൊരു സ്ത്രീയ്ക്കും ജോലിസ്ഥലത്തോ, മറ്റെവിടെയെങ്കിലും വച്ചോ ഇത്തരം ആക്രമണങ്ങൾ സംഭവിക്കാൻ പാടില്ല. കുറച്ചുകൂടി നന്നായി പെരുമാറാൻ പഠിക്കൂ.’ ദൃശ്യങ്ങള്‍ പങ്കുവച്ച് അവര്‍ കുറിച്ചു. ഇതോടെ പ്രതികരണവുമായി സംഘാടകര്‍ രംഗത്തെത്തി. ഇയാളെ ഉടന്‍ പിടികൂടുെമന്ന് സംഘാടകര്‍ ഉറപ്പുനല്‍കി. മോശം പെരുമാറ്റത്തെ അതിജീവിച്ച് ജോലിതുടർന്ന അലക്സയെ അഭിനന്ദിച്ചുകൊണ്ട് മറ്റു ടെലിവിഷനിലെ റിപ്പോർട്ടേഴ്സും തങ്ങളുടെ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.