ഫോണും വാട്സ്ആപ്പും ചോർത്താൻ ഇസ്രയേലിന്റെ 'സ്പൈ വാൻ'; ഞെട്ടിച്ച് റിപ്പോർട്ട്

ഇസ്രയേലി നിരീക്ഷണസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതും ഒരു കിലോമീറ്റർ വരെ അകലെയുള്ള ഏത് സ്മാർ‌ട് ഫോണും ഹാക്ക് ചെയ്യാൻ കഴിയുന്ന ഹൈടെക് സ്പൈ വാനിനെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് വന്നത് ഫോർബ്സിലാണ്. അപ്പോൾ മാത്രമാണ് അതിശയകരമായ രീതിയിൽ നിരീക്ഷണം നടത്തുന്ന വാനിനെക്കുറിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നതും അന്വേഷണം ആരംഭിക്കുന്നതും. 

സൈപ്രസിൽ റജിസ്റ്റർ ചെയ്ത ഇസ്രയേലി ചാര സ്ഥാപനമായ വൈസ്‌പിയറിന്റെ ഉടമസ്ഥതയിലുള്ള ഹൈടെക് വാനിൽ ഏകദേശം 90 ലക്ഷം ഡോളർ മൂല്യമുള്ള സ്‌നൂപ്പിങ് ഗിയർ ഘടിപ്പിച്ചിട്ടുണ്ട്. ഇത് വാട്സാപ്, ഫെയ്‌സ്ബുക് സന്ദേശങ്ങൾ, ടെക്സ്റ്റുകൾ, കോളുകൾ, കോൺടാക്റ്റുകൾ എന്നിവയുൾപ്പെടെ ഏത് സ്മാർട് ഫോൺ ആപ്ലിക്കേഷൻ സുരക്ഷയെയും തകര്‍ക്കാൻ കഴിയുന്നതാണെന്ന് വൈസ്‌പിയർ സ്ഥാപകൻ ടാൽ ഡിലിയൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഏതെങ്കിലും തരത്തിൽ വാൻ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. നവംബറിൽ ലാർനാക്ക നഗരത്തിലെ വൈസ്‌പിയറിന്റെ ആസ്ഥാനത്ത് നടത്തിയ തിരച്ചിലിൽ വാൻ പൊലീസ് പിടിച്ചെടുത്തിരുന്നു. 

വാൻ ചാരവൃത്തിക്കായി ഉപയോഗിച്ചിട്ടില്ലെന്നാണ് വൈസ്പിയർ വക്താവിന്റെ വിശദീകരണം.