കടൽവെള്ളം കുടിവെള്ളമാക്കും സോളർ പ്ലാന്റ്; 25,000 പേർക്ക് പ്രയോജനം; മാതൃക

കുടിവെള്ള കിട്ടാതെ വരുന്ന കാലത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് ലോകം. ഇതിന് മുന്നോടിയായി കെനിയയിലെ ഒരു എന്‍ജിഒ നടപ്പാക്കിയ പദ്ധതി അത്തരത്തിലൊന്നാണ്. കടല്‍ ജലം കുടിവെള്ളമാക്കി മാറ്റുന്ന ഒരു സോളർ പവര്‍ പ്ലാന്റ് ആണ് ഇവര്‍ സ്ഥാപിച്ചത്. ഇതുവഴി ദിവസവും 25,000 ആളുകള്‍ക്കും പ്രയോജനം ലഭിക്കുന്നുണ്ട്. 

ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ മാസത്തിലാണ് ഈ വാട്ടര്‍ ട്രാന്‍സ്ഫോമിങ് പ്ലാന്റ് വിജയകരമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഗൾഫ് രാജ്യങ്ങളിലും മറ്റും ഉപ്പ് വെള്ളത്തെ ശുദ്ധജലം ആക്കുന്ന പ്രക്രിയ ധാരാളം ചെലവേറിയ ഒന്നാണ്. അതിനാല്‍ സോളര്‍ പവര്‍ ഉപയോഗിച്ചാല്‍ ഈ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു. 

'ഗീവ് പവര്‍' എന്നാണ് ഈ എന്‍ജിഒയുടെ പേര്. കെനിയയിലെ കിയുങ്ക എന്ന ചെറിയ ഗ്രാമത്തിലാണ് ഈ പ്ലാന്റ് ഇവര്‍ സ്ഥാപിച്ചത്. 50 വാട്ട് വൈദ്യുതി കൊണ്ട് 24 മണിക്കൂറും ഉപ്പുവെള്ളം ശുദ്ധജലമാക്കി മാറ്റിനൽകാൻ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ വിജയകരമായതോടെ കെനിയയിലെ വീടുകളിലും ഇതിന്റെ ചെറിയ മോഡലുകൾ ഇവർ നിർമിച്ചു നൽകിത്തുടങ്ങി. കൊളംബിയ, ഹൈത്തി തുടങ്ങി സ്ഥലങ്ങളിലും ഈ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഈ എന്‍ജിഒ.