സെക്സിനെപ്പറ്റി ചിന്തിക്കരുത്; നിബന്ധനകള്‍ കടുപ്പം; സംഘടന വിട്ട് യുവാക്കള്‍

ആറ് വര്‍ഷത്തിലേറെയായി ഇറാനെതിരെ പ്രവര്‍ത്തിക്കുന്ന മുജാഹിദിന്‍ ഇ ഖല്‍ക് എന്ന സംഘടനക്ക് അഭയമൊരുക്കുന്നത് അല്‍ബാനിയയാണ്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ഈ സംഘടനയില്‍ നിന്ന് യുവാക്കളടക്കം നിരവധി പേരാണ് കൊഴിഞ്ഞുപോകുന്നത്. എംഇകെയുടെ കര്‍ശന നിബന്ധനകളാണ് അംഗങ്ങളെ സംഘടന വിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.  

ബ്രഹ്മചര്യം പാലിക്കണമെന്നതും കുടുംബവുമായി യാതൊരു വിധ ആശയവിനിമയവും പുലര്‍ത്താന്‍ പാടില്ല എന്നിങ്ങനെയാണ് സംഘടനയ്ക്കുള്ളിലെ നിയമങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു‍. സംഘടനാപ്രവര്‍ത്തനം ഉപേക്ഷിച്ച് അല്‍ബാനിയ വിട്ടവര്‍ ഇറാനിലേക്ക് മടങ്ങാനാകാതെയും, പഴയ ജീവിതത്തിലേക്ക് മടങ്ങാനാകാതെയും പ്രതിസന്ധിയിലായിരിക്കുകയാണ്. അല്‍ബാനിയന്‍ തല്ഥാനമായ തിറാനയിലാണ് നിരവധി പേരുമുള്ളത്. 

''37 വര്‍ഷമായി എന്റെ ഭാര്യയോടും മകനോടും സംസാരിച്ചിരുന്നില്ല. ഞാന്‍ മരിച്ചെന്ന് അവര്‍ കരുതി. പക്ഷേ ഞാനവരോട് പറഞ്ഞു, ഞാന്‍ ജീവിച്ചിരിക്കുന്നുണ്ട്, അല്‍ബാനിയയിലുണ്ട്. അവര്‍ക്ക് കരയാനേ കഴിഞ്ഞുള്ളൂ''- സംഘടനാംഗമായിരുന്ന ഘോലം മിര്‍സായ് പറഞ്ഞു. രണ്ട് വര്‍ഷമായി എംഇകെ വിട്ട ഇയാള്‍ തിറാനില്‍ ദുരിതജീവിതം നയിക്കുകയാണ്. 

സൈനിക സ്വഭാവമുള്ള ക്യാംപില്‍ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നെന്ന് അറുപതുകാരനായ മിര്‍സായ് പറയുന്നു. മരിക്കുന്നതിന് മുന്‍പ് കുടുംബത്തെ കാണണമെന്ന് ആഗ്രഹമാണ് ക്യാംപില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന് കാരണമെന്നും മിര്‍സായ് ബിബിസിയോട് പ്രതികരിച്ചു.

മുന്‍ മുജാഹിദീന്‍ നേതാക്കളെയാണ് തന്‍റെ ഈ അവസ്ഥയ്ക്ക് കാരണമായി മിര്‍സായ് കുറ്റപ്പെടുത്തുന്നത്. സ്വതന്ത്രമായ ജീവിതത്തിന് വലിയ തോതില്‍ നിയന്ത്രണം വന്നതോടെയാണ് യുവാക്കള്‍ സംഘടന വിട്ടതെന്ന് മിര്‍സായ് പറയുന്നു. വീടുകളിലേക്ക് ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിന് രൂക്ഷമായ പരിഹാസവും കയ്യേറ്റവും നേരിടേണ്ടി വന്നു. 2017ഓടെ മുജാഹിദീന്‍ അല്‍ബേനിയയില്‍ നിന്ന് 30കിലോമീറ്റര്‍ അകലെയുള്ള ഒരിടത്തായി പുതിയ ആസ്ഥാനം സ്ഥാപിച്ചു. എന്നാല്‍ ഇവിടെ സൈനിക ക്യാംപ് പോലെയുള്ള ഒരു പ്രദേശമായിരുന്നു. സര്‍വ്വ സ്വാതന്ത്രവും വാഗ്ദാനം ചെയ്ത സംഘടനാ നേതാക്കള്‍ സ്വകാര്യജീവിത്തിന് വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മിര്‍സായിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. 

ലൈംഗികത പൂര്‍ണമായും നിഷേധിക്കപ്പെട്ടു, അത്തരം ചിന്തകളും. അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാല്‍ അവ ഒരു നോട്ട് ബുക്കില്‍ എഴുതി വക്കേണ്ട അവസ്ഥയായെന്നും അവര്‍ വ്യക്തമാക്കി. വിവാഹങ്ങള്‍, പ്രണയബന്ധം എന്നിവ സംഘടന നിരോധിച്ചു. സ്വകാര്യ ജീവിതവുമായി ഏറെ ബന്ധം പുലര്‍ത്തിയതാണ് സംഘടന തിരിച്ചടികള്‍ നേരിട്ടതിന് പിന്നിലെന്നായിരുന്നു നേതാക്കളുടെ കണ്ടെത്തലുകള്‍. കൂട്ടമായി വിവാഹ മോചനങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ചെയ്തു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.  ഒരു സ്വപ്നം കണ്ടാല്‍പോലും അത് നോട്ടുബുക്കില്‍ കുറിച്ചിടേണ്ട അവസ്ഥയിലേക്ക് സംഘടന കാര്യങ്ങള്‍ കര്‍ശനമാക്കി. ഈ നോട്ട്ബുക്കുകള്‍ മറ്റ് അംഗങ്ങളുടെ മുന്‍പില്‍ വച്ച് വായിച്ച് അപമാനിക്കലും പതിവ് കാഴ്ചയായി.