ബഹിരാകാശ നിലയത്തിൽ എലികൾ, ബിസ്ക്കറ്റിനു കുഴച്ച മാവ്; കൗതുകം

ബഹിരാകാശ നിലയത്തിൽ ബിസ്കറ്റിനു കുഴച്ച മാവും എലികളും. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നിയേക്കാം. ആളില്ലാ ചരക്ക് പേടകമായ സിഗ്നനസ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത് ഇവയൊക്കെ കൊണ്ടാണ്. ബഹിരാകാശ യാത്രികര്‍ക്ക് സ്വന്തം നിലക്ക് ബിസ്‌ക്കറ്റ് പാകം ചെയ്യാനാവുക എന്നതാണ് ലക്ഷ്യം. ഇത് വിജയിച്ചാല്‍ അന്യ ഗ്രഹയാത്രകള്‍ക്കിടെ ബഹിരാകാശ യാത്രികര്‍ ആവശ്യത്തിനനുസരിച്ച് ഒവനില്‍ ബിസ്‌ക്കറ്റ് പാകം ചെയ്ത് കഴിക്കും. 

ബഹിരാകാശയാത്രികരെ റേഡിയേഷനില്‍ നിന്നും രക്ഷിക്കുന്ന പുതിയ കുപ്പായവും ഭൂമിയില്‍ നിന്നും എത്തിച്ചിട്ടുണ്ട്. അതിന്റെ പരീക്ഷണവും നടക്കും. ഒരു കൂട്ടം എലികളെയും പരീക്ഷണത്തിനായി നിലയത്തിലെത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി വെളിച്ചവും ഇരുട്ടും വരുന്നത് കരളിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന പരീക്ഷണമാണ് എലികളെ വെച്ച് നടക്കുക. ഓരോ ദിവസവും ബഹിരാകാശ നിലയത്തിലെ യാത്രികര്‍ 16 സൂര്യോദയവും അസ്തമയും കാണുന്നുണ്ട്. 

2018ല്‍ മരിച്ച അപ്പോളോ 12ലെ സഞ്ചാരിയായിരുന്ന അലന്‍ ബീനിന്റെ സ്മരണയില്‍ സിഗ്നസ് NG 12 ചരക്കുപേടകത്തിന് അലന്‍ ബീന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.