പറക്കുന്ന വിമാനത്തിൽ പൈലറ്റ് സീറ്റിൽ യുവതി; ക്യാപ്റ്റന്റെ പണി പോയി

നിറയെ യാത്രക്കാരുമായി പറക്കുന്ന ചൈനീസ് വിമാനം. കോക്പിറ്റിൽ പൈലറ്റിനൊപ്പം ചിത്രമെടുത്ത് യാത്രക്കാരിയായ യുവതി. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൈലറ്റിന്റെ ജോലി തെറിച്ചു. ഗുയ്‌ലീനിൽ നിന്ന് യാങ്ഷൂവിയിലേക്ക് പറക്കുന്നതിനിടെ എയർ ഗുയ്‌ലീനിലാണ് സംഭവം നടന്നത്. വിമാനത്തിലെ കോക്പിറ്റിൽ ക്യാപ്റ്റൻ സീറ്റിൽ ഇരുന്നുകൊണ്ടാണ് യുവതി ചിത്രമെടുത്തത്.

കോക്പിറ്റിൽ കടന്ന യുവതി പൈലറ്റ് സീറ്റിൽ ഇരിക്കുന്ന ചിത്രം ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വൈബോയിൽ വൈറലായതോടെ വിമാനത്തിന്റെ ക്യാപ്റ്റന്റെ പണി തെറിച്ചു. ഗുയ്‌ലീൻ യൂണിവേഴ്സിറ്റിയിൽ ഫ്ലൈറ്റ് അറ്റൻഡന്റ് ആകാൻ പരിശീലിക്കുന്ന യുവതിയാണ് ചിത്രത്തിൽ എന്നാണ് ചൈനീസ് മാധ്യമങ്ങളിൽ പറയുന്നത്. ചൈനീസ് ഏവിയേഷൻ നിയമപ്രകാരം വിമാന ജീവനക്കാരല്ലാതെ മറ്റാർക്കും ആർക്കും കോക്പിറ്റിൽ പ്രവേശിക്കാൻ സാധിക്കില്ല. യുവതിയുടെ ചിത്രം വൈറലായതിനെ തുടർന്ന്‌ ക്യാപ്റ്റനെ പൈലറ്റ് ലൈസൻസ് റദ്ദാക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തും. കുറച്ചു ദിവസങ്ങൾ മുമ്പ് സമാനമായ സാഹചര്യത്തിൽ ഈജിപ്ഷ്യൻ പൈലറ്റിന് ലൈസൻസ് നഷ്ടപ്പെട്ടിരുന്നു. ഈജിപ്ഷ്യൻ നടനും ഗായകനുമായ മുഹമ്മദ് റമദാനായിരുന്നു അന്ന് കോക്പിറ്റിൽ കയറിയത്.