37 ലക്ഷംരൂപയുടെ പുരസ്കാരം നിരസിച്ച് 16കാരി; നിലപാടിന് കയ്യടിച്ച് ലോകം

ലോകത്തെ വീണ്ടും അമ്പരപ്പിക്കുകയാണ് ഇൗ പെൺകുട്ടി. പരിസ്ഥിതിയ്ക്ക് അംഗീകാരങ്ങളല്ല വേണ്ടതെന്ന് വ്യക്തമാക്കി ലക്ഷക്കണക്കിന് രൂപയുടെ പുരസ്കാരമാണ് ഗ്രേറ്റ ട്യുൻ‌ബെർഗ് നിരസിച്ചത്. പരിസ്ഥിതി പ്രവർത്തനത്തിന് കൂടുതൽ അംഗീകാരങ്ങളൊന്നും വേണ്ടെന്നും നോർഡിക് കൗൺസിലിന്റെ പ്രശസ്ത പുരസ്കാരം നിരസിക്കുകയാണെന്നും ഗ്രേറ്റ ട്യുൻ‌ബെർഗ് പറഞ്ഞു. പുരസ്കാരത്തെ വലിയ ബഹുമതിയായി വിശേഷിപ്പിച്ചു തന്നെയാണു 46,000 യൂറോ (ഏകദേശം 37 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ് ഈ 16 വയസ്സുകാരി വേണ്ടെന്നുവച്ചത്. 

പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾക്കെതിരെയുള്ള നടപടികളാണ് ലോകരാജ്യങ്ങളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്. പരിസ്ഥിതിക്ക് ഇപ്പോൾ വേണ്ടത് അംഗീകാരങ്ങളല്ല , മറിച്ച് അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടികളാണെന്നായിരുന്നു ഗ്രേറ്റ ട്യുൻ‌ബെർഗിന്റെ വാദം. ഗ്രേറ്റയുടെ തീരുമാനം അംഗീകരിക്കുന്നതായി നോർഡിക് കൗൺസിൽ അറിയിച്ചു. സ്വന്തം രാജ്യമായ സ്വീഡൻ ഉൾപ്പെടെ നോർഡിക് മേഖലയിലെ രാജ്യങ്ങളുടെ ഭീമമായ ഊർജ ഉപയോഗ കണക്കുകൾ ചൂണ്ടിക്കാട്ടിയാണു സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഗ്രേറ്റയുടെ പ്രതികരണം.