മുന്നിൽ അഗാധമായ ചുഴി; മത്സ്യത്തൊഴിലാളികൾക്ക് അത്ഭുത രക്ഷപെടൽ; വിഡിയോ

മുന്നിലുള്ള അഗാധമായ ചുഴിയറിയാതെ ചെറു വള്ളത്തിൽ മീൻ പിടിച്ചു കൊണ്ടിരുന്ന രണ്ട് മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപെട്ടു. ഡെർബിഷെയറിലെ ലേഡിബൗവർ അണക്കെട്ടിൽ മീൻപിടിക്കാൻ ഇറങ്ങിയവരാണ് ഭാഗ്യത്തിന് രക്ഷപെട്ടത്.ഫ്ലോ നെയിൽസൺ എന്ന യുവതിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. മുന്നിൽ 66 അടിയോളം താഴ്ചയുള്ള ചുഴിയാണെന്ന് അറിയാതെ പെഡൽ വള്ളത്തിലാണ് രണ്ട് പേരും മീൻ പിടിക്കാൻ ഇറങ്ങിയത്.

നായയെയും കൊണ്ട് പ്രഭാത സവാരിക്കിറങ്ങിയ ഫ്ലോയുടെ കണ്ണിൽ ഈ കാഴ്ച പെടുകയായിരുന്നു. അപകടത്തിൽപ്പെട്ടെന്ന് തോന്നിപ്പിച്ചുവെങ്കിലും പെട്ടെന്ന് തന്നെ ബോട്ടിന്റെ ദിശമാറ്റി അവർ പോയെന്നും ഫ്ലോ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അണക്കെട്ടിലെ അധികജലം ഡെർവെന്റ് നദിയിലേക്ക് എത്തിക്കുന്നതിനായി നിർമ്മിച്ച ടണലിന്റെ ഭാഗമായുള്ളതാണ് ചുഴി.