346 പേർ മരിക്കും മുൻപെ ബോയിങ് 737ന്റെ തകരാർ പൈലറ്റ് കണ്ടെത്തി; എന്നിട്ടും വിമാനം പറത്തി?

346 പേർ മരിക്കുന്നതിന് മുൻപ് തന്നെ ബോയിങ് 737 മാക്സ് വിമാനങ്ങളിലെ തകരാർ പൈലറ്റ് കണ്ടെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. പൈലറ്റ് തകരാറിനെ കുറിച്ച് റിപ്പോർട്ട് നൽകിയ ശേഷമാണ് ഇന്തൊനീഷ്യയിലും ഇത്യേപ്യയിലും വിമാനങ്ങൾ തകര്‍ന്ന് 346 പേർ മരിച്ചത്. 2016 ൽ തന്നെ ഉയർന്ന റാങ്കിലുള്ള ബോയിങ് പൈലറ്റ് മാക്സ് 737 ലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബോയിങ് മാക്സ് 737 ലെ പുതിയ ഫീച്ചറുകളെ കുറിച്ച് സർട്ടിഫിക്കേഷൻ നൽകുന്ന സമയത്ത് രണ്ട് മാരകമായ പ്രശ്നങ്ങൾ പൈലറ്റ് കണ്ടെത്തിയിരുന്നു എന്നും ഇക്കാര്യം ഇൻസ്റ്റന്റ് മെസേജുകളായി അധികൃതരെ അറിയിച്ചിരുന്നു എന്നുമാണ് പുതിയ വെളിപ്പെടുത്തൽ.

കമ്പനിയിലെ രണ്ട് ജീവനക്കാർ തമ്മിലുള്ള തൽക്ഷണ സന്ദേശങ്ങളെക്കുറിച്ച് ബോയിങ് മുന്നറിയിപ്പ് നൽകിയതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഈ ആശയവിനിമയത്തെക്കുറിച്ച് ബോയിങ് കമ്പനിക്ക് അറിയാമെന്നാണ് യുഎസ് റെഗുലേറ്റർ പറഞ്ഞത്. എന്നാൽ ബോയിങ് ഇത്തരമൊരു വലിയ പ്രശ്നം കണ്ടെത്തിയെന്ന് റിപ്പോർട്ട് ചെയ്തിട്ടും വേണ്ടത്ര ശ്രദ്ധനൽകിയില്ല എന്നാണ് ആരോപണം.

ബോയിങ്ങിലെ തന്നെ എൻജിനീയർമാർ ഈ പ്രശ്നം കണ്ടെത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കമ്പനിയിലെ സാങ്കേതിക വിദഗ്ധർ കണ്ടെത്തിയ ഈ പ്രശ്നങ്ങളെ കുറിച്ച് ഒരു വർഷത്തിനു ശേഷം ഇന്തൊനീഷ്യൻ ലയൺ എയർ തകർന്നു വീഴുന്നതുവരെ ബോയിങ് മാനേജ്മെന്റ് അറിഞ്ഞിരുന്നില്ല, അല്ലെങ്കിൽ പ്രശ്നങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ നൽകിയില്ല. 2018 ഒക്ടോബർ 29നുണ്ടായ അപകടത്തിൽ 189 പേരാണ് മരിച്ചത്. വിമാനത്തിലെ ചില സാങ്കേതിക പ്രശ്നങ്ങളാണ് അപകടത്തിനു കാരണമായത്.

ഇത്യോപ്യൻ എയർലൈൻ അപകടത്തിൽ 157 പേരാണ് മരിച്ചത്. രണ്ടു ദുരന്തങ്ങളിലായി 346 പേരാണ് മരിച്ചത്. ഇതോടെ ലോകത്തെങ്ങുമുള്ള 737 മാക്സ് വിമാനങ്ങൾ സർവീസ് നിർത്തിവച്ചിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഈ വിമാനങ്ങൾ ഉപയോഗിക്കരുതെന്നും വ്യോമയാന അതോറിറ്റികൾ മുന്നറിയിപ്പ് നൽകി. ലോകത്തെ ഏറ്റവും മികച്ച, സുരക്ഷിത യാത്രാവിമാനങ്ങൾ നിർമിക്കുന്ന കമ്പനിയാണ് അമേരിക്കയിലെ ബോയിങ്. ഒട്ടുമിക്ക വിമാന കമ്പനികളുടെയും വിമാനങ്ങളും ബോയിങ്ങിന്റെതാണ്. എന്നാൽ നിർമാണത്തിലെ ചെറിയൊരു അശ്രദ്ധ ബോയിങ് 737 മാക്സ് വിമാനം കമ്പനിക്ക് തന്നെ വലിയ തലവേദനയായി. രണ്ടു വിമാനങ്ങളാണ് ടേക്ക് ഓഫിനിടെ തകർന്നു വീണത്.