11 ബന്ധുക്കളെ ക്രൂരമായി കൊല ചെയ്ത നാനി; ലോകത്തെ ഞെട്ടിച്ച സീരിയൽ കില്ലർ

അഞ്ചാമത്തെ ഭർത്താവ് സാമുവേൽ ഡോസിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുമ്പോഴാണ് നാനി എന്ന സീരിയൽ കില്ലറെ ലോകമറിയുന്നത്. ഭയപ്പെടുത്തുന്ന ജീവിതം നയിച്ച്, കേട്ടവരെയെല്ലാം അമ്പരപ്പിച്ച നാനി. രണ്ടാം ശ്രമത്തിലാണ് നാനി സാമുവലിനെ കൊലപ്പെടുത്തുന്നത്, കൃത്യമായ ആസൂത്രണത്തോടെ. 

ആദ്യം നൽകിയത് എലിവിഷം. പക്ഷേ ആശുപത്രിയിൽ ചികിത്സ നേടിയ അദ്ദേഹം ദിവസങ്ങൾക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തി. പിന്നാലെ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി ഭർത്താവിന് വിളമ്പി. ഇത്തവണ ഭക്ഷണത്തിൽ ചേർത്തത് ആർസെനിക് എന്ന കൊടുംവിഷം. അങ്ങനെ നാനിയുടെ രണ്ടാം ശ്രമത്തിൽ 1954ൽ സാമുവൽ മരിച്ചു. സാമുവേലിന്റെ ഡോക്ടർ നിർബന്ധം പിടിച്ചതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവന്നു. അങ്ങനെയാണ് ആർസെനിക്കിന്റെ അംശം കണ്ടെത്തുന്നത്.

സംശയം തോന്നിയ പൊലീസ് കുടുംബത്തിലെ മറ്റു മരണങ്ങളെപ്പറ്റിയും അന്വേഷിക്കാൻ തീരുമാനിച്ചു. അതോടെ ചുരുളഴിഞ്ഞത്, അതുവരെ സ്വാഭാവിക മരണം എന്നെഴുതിത്തള്ളിയ മരണങ്ങൾക്കു പിന്നിലെ യഥാർഥ കാരണങ്ങൾ. സ്വാഭാവിക മരണങ്ങളെല്ലാം കൊലപാതകങ്ങളായി മാറി, അവയെല്ലാം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയതാകട്ടെ നാനി ഡോസും.

ലോകം കണ്ട കൊടുംകുറ്റവാളികളായ സ്ത്രീകളിൽ മുൻനിരയിലാണ് യുഎസിലെ അലബാമയിൽ നിന്നുള്ള നാനി ഡോസ്. കോഴിക്കോട് കൂടത്തായിൽ അരങ്ങേറിയ കൊലപാതക പരമ്പരയോട് എറെ സാമ്യം പുലർത്തുന്നതാണ് അലബാമയിലെ െകാലപാതക പരമ്പരയും 1920നും 1954നും ഇടയിലുള്ള കാലയളവിൽ 11 പേരാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ നാനിയുടെ അമ്മ, നാലു മുന്‍ഭര്‍ത്താക്കന്മാര്‍, രണ്ടുകുട്ടികള്‍, കൊച്ചുമകന്‍, ഭർതൃമാതാവ് എന്നിവരുമുണ്ടായിരുന്നു. വിചാരണ വേളയിൽ തെല്ലും കുറ്റബോധമില്ലാതെ കോടതി മുറിയിൽ െപാട്ടിച്ചിരിച്ച നാനി എല്ലാവരെയും ഞെട്ടിച്ചു. 

കർഷകുടുംബത്തിൽ 1905ൽ ജനിച്ച നാനിയുടെ കുട്ടിക്കാലം നിറമുള്ളതായിരുന്നില്ല. ലൂസിയ, ജെയിംസ് ഹസേൽ ദമ്പതികളുടെ മകളായി പിറന്ന നാനിയെ പിതാവ് സ്കൂളിൽ അയച്ചില്ല. പാടത്ത് പൂട്ടിയ കന്നുകളുടെ വില പോലും പിതാവ് തനിക്കു തന്നിരുന്നില്ലെന്നു നാനി ഡോസ് പലപ്പോഴും പറയുമായിരുന്നു. നാനിക്കൊപ്പം അമ്മ ലൂസിയയുടെയും പേടിസ്വപ്നവും വെറുപ്പുമായിരുന്നു ജയിംസ്. വാരികകൾ വായിച്ച് അക്ഷരം പഠിച്ച നാനി ആ വാരികകളിലെ സുന്ദരന്മാരെ വിവാഹം കഴിക്കുന്നതായി സ്വപ്നം കണ്ടു.

നാലു മാസം മാത്രം പരിചയമുള്ള ചാർലി ബ്രാഗിസിനെ 16–ാം വയസിൽ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം കഴിച്ചു. ചാർലി നല്ലവനായിരുന്നുവെങ്കിലും ചാർലിയുടെ അമ്മയിൽ തന്റെ പിതാവിനെ തന്നെയാണ് നാനി കണ്ടത്. ക്രൂരപീഡനങ്ങളും കുത്തുവാക്കുകളും ഭർതൃമാതാവിൽ നിന്നു നാനിക്ക് ഏറ്റുവാങ്ങേണ്ടി വന്നു.1928ൽ വിവാഹമോചനം നേടി മൂത്തമകൾ മെൽവിനയെയും ഒക്കത്തേറ്റി നാടുവിട്ട ചാർലി ബ്രാഗിസ് നാനിയുടെ െകാലക്കത്തിക്ക് ഇരയാകാതെ രക്ഷപ്പെട്ടു. ചാർലിക്കു ശേഷം നാലു പേരെ നാനി വിവാഹം കഴിച്ചു. ആ നാലുപേരും പല കാലഘട്ടത്തിൽ ദുരൂഹസാഹചര്യത്തിൽ െകാല്ലപ്പെടുകയായിരുന്നു. 

ആദ്യ ഭർത്താവിൽ പിറന്ന മെൽവിനയുടെ കുഞ്ഞുങ്ങളെ െകാലപ്പെടുത്തിയതാണ് കൂട്ടത്തിൽ ഏറ്റവും ദാരുണം. മെൽവിനയുടെ മൂത്ത കുട്ടിയും തന്റെ പേരക്കുട്ടിയുമായ രണ്ടുവയസ്സുകാരൻ ആൽബർട്ടിനെ ശ്വാസം മുട്ടിച്ചു െകാന്നതു താനാണെന്ന് നാനി ഡോസ് സമ്മതിച്ചിരുന്നു.

മെൽവിനയുടെ തന്നെ ഇളയകുഞ്ഞിനെ ഹെയർപിൻ തലയിൽ അടിച്ചു കയറ്റി കൊല്ലുകയായിരുന്നു. പ്രസവിച്ച് ദിവസങ്ങൾ മാത്രം പിന്നിട്ട കുഞ്ഞിനെ കൊന്നത് മെൽവിനയോടും ആദ്യഭർത്താവിനോടുമുള്ള പ്രതികാരമായിട്ടാണെന്നു നാനി മൊഴി നൽകി. എന്നാൽ ഈ കൊലപാതകങ്ങളിൽ ഒന്നും ആർക്കും നാനിയെ സംശയമില്ലായിരുന്നു. ഈ മരണങ്ങളുടെയും ഇൻഷുറൻസ് തുക കൃത്യമായി നാനി കൈപ്പറ്റിയിരുന്നു.

ഏഴാംവയസിൽ ട്രെയിനിൽ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റതും സ്വഭാവവൈകല്യത്തിനു കാരണമായി. ഒരിക്കൽ തെരുവു റൗഡികളാൽ ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയായ നാനി  ഓരോ കൊലപാതങ്ങൾക്കു ശേഷവും ഗൂഢമായ ആനന്ദം അനുഭവിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.