'നിധിശേഖരം' കാട്ടി കുരുക്കും; 32 വയസിനിടെ കൊന്നത് 12 പേരേ: സീരിയൽ കില്ലർ പിടിയിൽ

32 വയസിനിടെ 12 കൊലപാതകങ്ങൾ. ആദ്യ കൊല പതിനാറാം വയസിൽ. ലോകത്തെ ഞെട്ടിച്ച സീരിയൽ കില്ലർ ഇന്ത്യക്കാരനാണ്. പേര്  മുഹമ്മദ് യൂസഫ് എന്ന പാഷ. തെലങ്കാനയിലെ മഹ്ബൂനഗര്‍ ജില്ലയിലെ നവാബ്‌പേട്ട് മണ്ഡലത്തില്‍ സ്‌കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസിലാണ് യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വളരെ വിചിത്രമായ പെരുമാറ്റ രീതികൾ പുലർത്തിയിരുന്ന യൂസഫ് കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത രീതിയും പൊലീസിനെ അമ്പരപ്പിച്ചു. 

താൻ ഒരു ചിത്രകാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുന്നത്. സ്വർണ നാണയങ്ങൾ ഉളള നിധിശേഖരം കാണിച്ചു തരാമെന്നും ചുളുവിലയ്ക്ക് മൃഗങ്ങളെയോ മറ്റു സാധനങ്ങളോ വാങ്ങി തരാമെന്ന് വാഗ്ദ്ദാനം നൽകി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി ഇരയുടെ കണ്ണുകളിൽ മുളകുപൊടി വിതറി കല്ലുകൊണ്ട് ഇടിച്ചു കൊല്ലും. കൊലയ്ക്ക് ശേഷം ആഭരണവും മൊബൈലും പണവും അപഹരിച്ചു കടന്നു കളയുകയും ചെയ്യും. 

പുളി വിൽപ്പന നടത്തിയായിരുന്നു യൂസഫ് ഉപജീവനം നടത്തിയിരുന്നത്. ആവശ്യത്തിനു പണം യൂസഫിന് സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല.  രണ്ടു ഭാര്യമാരുണ്ടായിരുന്ന യൂസഫ് ലഹരി ഉപയോഗിക്കുകയും ലൈംഗിക തൊഴിലാളികളെ സമീപിക്കുകയും ചെയ്യാറുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു പേരുടെ ഭാര്യമാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. 

2017 ൽ കൊലക്കേസിൽ വികരാബാദ് ജില്ലാ പൊലീസിന്റെ പിടിയിലായെങ്കിലും ജാമ്യം കിട്ടി പുറത്തു വന്നു. വികരാബാദ് പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സമയത്ത് യൂസഫ് കൊലപാതകങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നില്ലെന്നാണ് മഹബൂബ്‌നഗര്‍ പൊലീസ് സൂപ്രണ്ട് രമ രാജേശ്വരി പറയുന്നത്.

നവാബ്‌പേട്ട് മണ്ഡലത്തില്‍ സ്‌കൂളിലെ തൂപ്പുകാരായിരുന്ന രാജനെ കുറഞ്ഞ പണത്തിന് ആടുകളെ വില്‍ക്കുന്ന ഒരാളെ തനിക്കറിയാം എന്നു പറഞ്ഞാണ് യൂസഫ് കൊണ്ടു പോയത്. കൊലപാതകത്തിനു ശേഷം ഇയാളുടെ കൈയ്യിലുണ്ടായിരുന്ന 14,000 രൂപയും മൊബൈല്‍ ഫോണും യൂസഫ് കൈക്കലാക്കുകയും ചെയ്തു.ഫെബ്രുവരി ഒമ്പതിനാണ് തൂപ്പുതൊഴിലാളിയായ ജെ.ബാലരാജിന്റെ (52) മൃതദേഹം വനത്തിനകത്ത് കണ്ടെത്തിയത്. ബാലരാജിന്റെ മൊബൈല്‍ ഫോണ്‍ ഐഎംഇ നമ്പര്‍ നിരീക്ഷണത്തിലായിരുന്നു. മോഷ്ടിച്ച ഫോണിൽ സിം ഇൻസർട്ട് ചെയ്തതോടെ യൂസഫ് പൊലീസിന്റെ വലയിലാകുകയും ചെയ്തു.