പ്രസിഡന്റിന്റെ മകന്റെ അപൂർവ്വ സൂപ്പർ കാറുകൾ ലേലത്തിന്; 132 കോടി മൂല്യം; അമ്പരപ്പ്

ജനീവയിൽ നടന്ന ഒരു ലേലം ഇന്ന് സമൂഹമാധ്യമങ്ങളിലും വാഹനപ്രേമികളുടെ ഇടയിലും വലിയ ചർച്ചയാണ്. അപൂർവങ്ങളിൽ അപൂർവമായ ആഡംബര വാഹനങ്ങളുടെ നീണ്ട നിര. ലംബോർഗിനി  റോസ്റ്റർ, ആസ്റ്റൺ മാർട്ടിൻ വൺ 77 കൂപ്പെ, ഫെരാരി, ബുഗാട്ടി അടക്കം 25 സൂപ്പർ കാറുകൾ. മധ്യആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയുടെ വൈസ് പ്രസി‍ഡന്റും  പ്രസിഡന്റായ തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോയുടെ മകനുമായ തിയഡ്രോൻ നഗ്വിമ ഒബിയാങിന്റെ കാറുകളാണ് ഇത്. അഴിമതി കേസുകളിൽ പെട്ട് പിടിച്ചെടുത്ത ഏകദേശം 132 കോടി മൂല്യം വരുന്ന കാറുകളാണ് ബോൺഹാംസ് എന്ന ലേല കമ്പനി ലേലത്തിൽ വെച്ചത്.

സ്വിസ്റ്റർലൻഡിലെ ജനീവയിലാണ് സൂപ്പർകാറുകളുടെ ലേലം. ഏഴ് ഫെരാരി, മൂന്ന് ലംബോർഗിനി, അഞ്ച് ബെന്റ്ലി, ഒരു മസറാട്ടി, ഒരു മെക്‌ലാരൻ അടക്കമുള്ള കാറുകളാണ് ലേലത്തിൽ വെച്ചത്. ഇതിൽ 36 കോടി മുതൽ 40 കോടി രൂപവരെ മൂല്യമുള്ള ലംബോർഗിനിയുമുണ്ടത്രേ.  അഴിമതികേസുകളില്‍ പെട്ടതിനെ തുടർന്നാണ് കാറുകള്‍ കണ്ടുകെട്ടിയത്. 18.7 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 132 കോടി രൂപ) ലേലത്തിലൂടെ സമാഹരിക്കാൻ സാധിക്കും എന്നാണ് ലേലകമ്പനി കരുതുന്നത്. ദുബായ്‌യിൽ നിന്നുള്ള പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കോടീശ്വരന്റെ ഏജന്റാണ് കാറുകളിൽ കൂടുതലും സ്വന്തമാക്കിയത്.  ലേലത്തിലൂടെ എത്ര രൂപ സമാഹരിക്കാൻ സാധിച്ചു എന്ന് വ്യക്തമല്ല. 

കഴിഞ്ഞ നാൽപ്പതു വർഷമായി  ഇക്വറ്റോറിയൽ ഗിനി ഭരിക്കുന്ന തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോയുടെ മകനായ വൈസ് പ്രെസിഡന്റ് തന്റെ പ്ലേബോയ് ശൈലിയിലും ആഡംബര വാഹനത്തോടുള്ള കമ്പം കൊണ്ടും കുപ്രസിദ്ധനാണ്. നിരവധി അഴിമതികേസുകളിൽ പ്രതിയായ തിയഡ്രോൻ നഗ്വിമ ഒബിയാങി 2012 മുതൽ  ഇക്വറ്റോറിയൽ ഗിനിയുടെ വൈസ് പ്രസി‍ഡൻഡാണ്.