പ്രണയം പറയാൻ വേറിട്ട വഴി; വജ്രമോതിരത്തിനുള്ളിൽ കാരറ്റ് വളർത്തി; സംഭവിച്ചത്

ഒപ്പം കഴിയുന്ന പ്രണയിനിയോട് വിവാഹഭ്യര്‍ത്ഥന നടത്താന്‍ വ്യത്യസ്ത തേടിയ കനേഡിയന്‍ സ്വദേശി ജോണ്‍ നാവെല്ലി കണ്ടെത്തിയത് വേറിട്ട മാര്‍ഗം. കാമുകി കാനില്ലെ സ്‌ക്വയേഴ്‌സിനെയും രണ്ടു മക്കളെയും അതിശയിപ്പിച്ചുകളഞ്ഞു. ജോണ്‍. കാമുകി രണ്ടാമത്തെ മകനെ ഗര്‍ഭിണിയായിരിക്കേയാണ് വജ്ര മോതിരം വാങ്ങിയത്. എങ്ങനെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താമെന്നായിരുന്നു അടുത്ത ചിന്ത.

ആ സമയത്താണ് ഒരു കനേഡിയന്‍ വനിതയ്ക്ക് തന്റെ കളഞ്ഞുപോയ മോതിരം കാരറ്റ് തോട്ടത്തില്‍ നിന്നും ലഭിച്ച വാര്‍ത്ത അറിഞ്ഞത്. ഇതോടെ ജോണിന്റെ  ചിന്ത ആ വഴിക്കായി. ഒരു കാരറ്റ് തോട്ടമൊരുക്കുക. അവിടെ വിത്തുകള്‍ പാകി കാരറ്റിനെ മോതിരത്തിനുള്ളില്‍ വളര്‍ത്തിയെടുക്കുക.

പിന്നെ ഒട്ടും സമയം കളഞ്ഞില്ല. അഞ്ച് ഗ്യാലന്റെ ഒരു പ്ലാസ്റ്റിക ബക്കറ്റ് വാങ്ങി. അതില്‍ മണ്ണുനിറച്ചു. ഒരു മുറിയില്‍ സൂക്ഷിച്ചു. മണ്ണിനുള്ളില്‍ ചെറീയ കുഴിയെടുത്ത് മോതിരവും അതിനുള്ളിലായി ഒരു കാരറ്റ് വിത്തും കുഴിച്ചിട്ടു. അവശേഷിക്കുന്ന വിത്തുകള്‍ ബക്കറ്റില്‍ മുഴുവന്‍ വിതറി. പിന്നീട് മൂന്നു മാസം നീണ്ട കാത്തിരിപ്പായിരുന്നു. ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച കാരറ്റ് വിളവെടുപ്പ് നടത്തി. കാമുകി സ്‌ക്വയേഴ്‌സിനെയും രണ്ടു മക്കളെയും കൂട്ടിയായിരുന്നു വിളവെടുപ്പ്.

കാരറ്റ് പറിച്ചെടുത്ത സ്‌ക്വയേഴ്‌സ് ശരിക്കും അതിശയിച്ചുപോയി. ഒരു കാരറ്റിനെ ചുറ്റിയിരിക്കുന്ന വജ്രമോതിരം. ഇതുതന്നെയാണ് ജോണ്‍ പ്രതീക്ഷിച്ചതും. ഉടന്‍തന്നെ ജോണ്‍ ആ മോതിരം അടര്‍ത്തിയെടുത്ത് തന്റെ പ്രണയിനിക്ക് സമ്മാനിച്ചു.