കുടുംബം വിമാനം പറത്തുന്നത് കാണാനെത്തി; 6,200 അടി മുകളിൽ പൈലറ്റ് ബോധരഹിതനായി; പിന്നീട്

ഉയരെ എന്ന സിനിമയുടെ ക്ലൈമാക്സ്, ആകാശത്ത് വച്ച് സത്യമായ സംഭവമാണ് സിഡ്നിയിൽ നിന്നും പുറത്തുവരുന്നത്. വിമാനം പറപ്പിക്കുന്നതിനിടെ  പ്രധാന പൈലറ്റ് ബോധംകെട്ടു വീണിട്ടും അതിസാഹസികമായി വിമാനം നിലത്തിറക്കി ഒപ്പമുണ്ടായിരുന്ന ട്രെയിനി. ആദ്യ പറക്കലിലും മനഃസാന്നിധ്യം കൈവിടാതിരുന്ന മാക്സ് സിൽവസ്റ്റർ ഇപ്പോൾ ധീരനാണ് ഒപ്പം താരവും. പെർത്തിലെ ജൻദകോട്ട് വിമാനത്താവളത്തിലാണു വിമാനം സുരക്ഷിതമായി ഇറക്കിയത്. 

6,200 അടി മുകളില്‍ വിമാനം എത്തിയപ്പോഴാണു പരിശീലകന്‍ ബോധരഹിതനായി മാക്സ് സില്‍വസ്റ്ററിന്‍റെ തോളിലേക്കു വീണത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിച്ച ശേഷം ട്രെയിനി പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. രണ്ട് സീറ്റ് മാത്രമുള്ള വിമാനം മാക്സ് സുരക്ഷിതമായി നിലത്തിറക്കി. എങ്ങനെയാണ് വിമാനം നിലത്തിറക്കേണ്ടതെന്നു താങ്കൾക്ക് അറിയുമോ എന്ന എയർ‌ട്രാഫിക് കൺട്രോളറുടെ ചോദ്യത്തിന് ഇതാണെന്റെ ആദ്യപാഠമെന്നായിരുന്നു സിൽവസ്റ്ററുടെ ധീരമായ മറുപടി. തുടർന്ന് ആ കഠിന പ്രയത്നം സിൽവസ്റ്റർ ഏറ്റെടുക്കുകയായിരുന്നു. വിമാനത്തിന്റെ ചിറകുകൾ ശരിയായ ദിശയില്‍ നിലനിർത്തുകയായിരുന്നു ആദ്യദൗത്യം. പിന്നീട് എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നുള്ള നിർദേശ പ്രകാരം കൃത്യമായി വിമാനം നിയന്ത്രിച്ചു.

20 മിനിറ്റിനകം അദ്ദേഹം വിമാനം താഴെ ഇറക്കി. അപകടത്തിൽപെടാതെ താഴെയിറക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. അത് സിൽവസ്റ്റർ കൃത്യമായി നിർവഹിച്ചെന്നായിരുന്നു എയർട്രാഫിക് ഓപ്പറേറ്ററുടെ പ്രതികരണം. ബോധരഹിതനായ പരിശീലകനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ ഉദ്യമത്തിൽ തന്നെ വിമാനം ഒറ്റയ്ക്കു പറത്തിയതിനെയും സിൽവസ്റ്ററുടെ ധീരതയെയും എയർ ഓസ്ട്രേലിയ ഇന്റർനാഷണൽ അഭിനന്ദിച്ചു.

സില്‍വസ്റ്ററുടെ യുക്തിസഹജമായ ഇടപെടലാണു വിമാനം അപകടത്തിൽപെടാതെ റൺവേയിലെത്തിച്ചതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. സില്‍വസ്റ്ററിന്‍റെ ഭാര്യയും മൂന്നു മക്കളും അദ്ദേഹം വിമാനം പറത്തുന്നതു കാണാന്‍ എത്തിയിരുന്നു. വിമാനം പറന്ന് 20 മിനിറ്റിനു ശേഷമാണ് പരിശീലകന്‍ ബോധരഹിതനായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിശീലകന് ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് എയര്‍ ഓസ്ട്രേലിയ അറിയിച്ചു.