ജർമനിയെ വിറപ്പിച്ച മൂർഖൻ പിടിയിൽ; കണ്ടെത്തിയത് അഞ്ചാംനാൾ; ആശങ്കയൊഴിഞ്ഞു

ലോകമെമ്പാടും വാർത്തകളിൽ നിറഞ്ഞ മൂർഖൻ, അഞ്ചുദിവസം പിടികൊടുക്കാതെ പതിയിരുന്ന മൂർഖൻ. ഒടുവിൽ ഭീതിയ്ക്കും ആശങ്കകൾക്കും വിരാമമിട്ട് ജർമനിയെ വിറപ്പിച്ച പാമ്പിനെ പിടികൂടി. ജര്‍മനിയിലെ ഹേര്‍ണെ നഗരത്തെ അഞ്ചുനാൾ മൂർഖൻ മുൾമുനയിൽ നിർത്തി. പാട്രിക് എന്ന വ്യക്തി വളര്‍ത്തിയ പാമ്പാണ് ഇയാളുടെ കയ്യില്‍ നിന്നും നഷ്ടമായത്. പിന്നീട് ഇതിനെ ജനവാസമേഖലയിൽ കണ്ടെത്തി. മൂര്‍ഖന്‍റെ  സാന്നിധ്യം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ലോകമെമ്പാടും ഇൗ പാമ്പ് വലിയ ചർച്ചയായി.

മൂര്‍ഖനെ ഭയന്ന് സര്‍ക്കാര്‍ നാലു വീടുകളിലെ മുപ്പതിലധികം താമസക്കാരെ ഹോട്ടലുകളിലും മറ്റും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇതിന് പിന്നാെല നടത്തിയ സജീവ തിരച്ചിലിന് ഒടുവിലാണ് പാമ്പ് പിടിയിലാകുന്നത്. ഒരു വീടിനോട് ചേർന്ന്  ഇഷ്ടികകളുടെ ഇടയില്‍ നിന്നാണ് പാമ്പിനെ അധികൃതർ പിടികൂടിയത്. പാമ്പിനെ പിടിക്കാന്‍ നഗരസഭയ്ക്ക് അരലക്ഷം യൂറോയ്ക്ക് താഴെ ചിലവുണ്ടായതായാണ്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.