'ഈ മക്കൾ എന്റെ സൗഭാഗ്യം'; കുറിപ്പിട്ടതിന് പിന്നാലെ മക്കളെ കൊന്നു; ഞെട്ടൽ

ഈ മക്കൾ എന്റെ സൗഭാഗ്യമെന്ന് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട് ദിവസങ്ങൾക്കുള്ളിൽ അമ്മ മക്കളെ കൊന്നു. ജോർജിയയിലാണ് ഞെട്ടിക്കുന്ന സംഭവം. മാർഷ എഡ്വേർഡ്സ് (58) എന്ന സ്ത്രീയാണ് മക്കളെ കൊന്ന ശേഷം സ്വയം വെടിവച്ചു മരിച്ചത്.  മകൻ ക്രിസ് എഡ്വേർഡ്സ് മുറിയിലെ കട്ടിലിലും മകൾ എറിൻ എഡ്വേർഡ്സ് താഴേ വെടിയേറ്റ് മരിച്ച നിലയിലായിരുന്നു കിടന്നിരുന്നതെന്ന് പൊലീസ് പറയുന്നു.   പ്രശസ്ത അറ്റ്‌ലാന്റ്‌ സർജനായ ഡോ. ക്രിസ്റ്റഫർ എഡ്വേർഡിന്റെ മുൻ ഭാര്യയാണ് മാർഷ എഡ്വേർഡ്സ്. 

ഇവർ ഇങ്ങനെ ചെയ്യാനുള്ള കാരണമെന്താണെന്ന് സുഹൃത്തുകൾക്ക് പോലും അറിയില്ല. വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇവരുടേത്. മരണത്തിന്റെ തലേന്ന് പോലും ഫെയ്സ്ബുക്കിലും വാട്സാപ്പിലും മാർഷ സജീവമായിരുന്നു. ആത്മഹത്യക്കുറിപ്പോ മറ്റ് തെളിവുകളോ പൊലീസിന് ലഭിച്ചിട്ടില്ല. ഈ മക്കൾ എന്റെ സൗഭാഗ്യമാണെന്നും ഞാൻ വളരെയധികം  സന്തോഷത്തിലാണെ‌ന്നും മരണത്തിന്റെ തേലദിവസം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിൽ മാർഷ പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മക്കളോടൊപ്പം ഇറ്റലിയിൽ പോയതിന്റെ ചിത്രം മാർഷ പങ്കുവെച്ചത്. മകൻ സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്നു, മകൾ ബിരുദ വിദ്യാർഥിനിയാണ്. എല്ലാ ഫോട്ടോകളിലും സന്തോഷത്തോടെ മാത്രം കാണപ്പെട്ട കുടുംബം എന്തുകൊണ്ട് ഇങ്ങനെ ചെയ്തുവെന്ന ആശങ്കയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.