ആമസോണിലെ കാട്ടുതീ; പ്രദേശവാസികളിൽ ആരോഗ്യപ്രശ്നം രൂക്ഷം

ആമസോണ്‍ മഴക്കാടുകളില്‍ പടരുന്ന കാട്ടുതീ, കുട്ടികളിലുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നെന്ന് റിപ്പോര്‍ട്ട്.  ആഴ്ചകളായി തുടരുന്ന കനത്ത പുകയും ചൂടുമാണ് പ്രതിസന്ധിക്ക് കാരണം. ഈമാസം മാത്രം 280 പേരാണ് ചികില്‍സ തേടിയെത്തിയത്.   

ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം വിമാനങ്ങള്‍ വഴി പമ്പ് ചെയ്താണ് ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ ശ്രമം തുടരുന്നത്. എന്നാല്‍ കനത്ത പുക സമീപപ്രദേശങ്ങളെയെല്ലാം വിഴുങ്ങിയിരിക്കുകയാണ്. ഹെക്ടര്‍ കണക്കിന് വനം കത്തിയതോടെ ആമസോണ്‍ മേഖലയില്‍ കാര്‍ബണ്‍ മോണോക്സൈസിന്റെ അളവ് വര്‍ധിച്ചെന്ന്  യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് സംഘടനയുടെ പഠനത്തില്‍ കണ്ടെത്തി.

കാര്‍ബണ്‍ ഡയോക്സൈഡും വലിയ തോതില്‍ പുറന്തള്ളുന്നതോടെ ഗുരുത ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ശ്വാസകോശരോഗങ്ങളുമായി എത്തുന്നവരില്‍ ഭൂരിഭാഗവും കുഞ്ഞുങ്ങളാണ്.  സാവോപോളോ അടക്കമുള്ള നഗരങ്ങളില്‍ ഇരട്ടിലധികം പേര്‍ ആശുപത്രികളിലേക്ക് എത്തുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീ നിയന്ത്രിക്കാന്‍ ചിലെ നാല് വിമാനങ്ങളും ബ്രിട്ടന്‍ 1കോടി പൗണ്ടും ബ്രസീലിന് സഹായമായി നല്‍കി. പണം വിനിയോഗിക്കാനുള്ള അധികാരം ലഭിക്കുകയാണെങ്കില്‍ ജി7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത ധനസഹായം സ്വീകരിക്കാമെന്നാണ് ബ്രിട്ടന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയുടെ നിലപാട്.