ചന്ദ്രയാൻ-2 ന് മുൻപ് ഇന്ത്യയിൽ നിന്നുള്ള വസ്തുക്കൾ ചന്ദ്രനിൽ ഇറങ്ങി; കൗതുകം

ഇന്ത്യയുടെ അഭിമാനം ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. ഒാരോ ഘട്ടവും വിജയകരമായി പിന്നിട്ട് ചന്ദ്രയാൻ-2 കുതിക്കുകയാണ്. അടുത്ത മാസമാണ് ചന്ദ്രയാൻ-2 ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നത്.  എന്നാൽ മാസങ്ങൾക്ക് മുൻപെ നടന്ന മറ്റൊരു ദൗത്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വസ്തുക്കൾ ചന്ദ്രനിൽ ലാൻഡ് ചെയ്തുവെന്നാണ് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

രാജ്യാന്തര വാർത്താ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ബോധി വൃക്ഷത്തിൽ നിന്നുള്ള ഒരു ഇല ഇസ്രയേൽ ബഹിരാകാശ പേടകമായ 'ബെറെഷീറ്റിൽ' ഉണ്ടായിരുന്നു എന്നാണ്. 2019 ഏപ്രിൽ 11 നാണ് ബെറെഷീറ്റ് ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ടത്. ലാൻഡിങ്ങിനിടെ പേടകം തകർന്ന് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പതിക്കുകയായിരുന്നു.

ഫെബ്രുവരി 21 ന് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ബെറെഷീറ്റ് വിക്ഷേപിച്ചത്. ‘ഭൂമിയുടെ ഒരു ബാക്കപ്പ്’ സൃഷ്ടിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള ലാഭരഹിത ആർച്ച് മിഷൻ ഫൗണ്ടേഷൻ ഭൂമിയിൽ നിന്ന് നിരവധി വസ്തുക്കൾ അടങ്ങിയ ‘ഡിജിറ്റൽ ലൂണാർ ലൈബ്രറി’ നിർമിച്ചിരുന്നു. ചന്ദ്രനിലേക്ക് തിരിച്ച ബെറെഷീറ്റ് പേടകത്തിലെ ലൈബ്രറിയിൽ ഇന്ത്യയിൽ നിന്നുളള ബോധി ഇലയും ഉണ്ടായിരുന്നു.

ഇസ്രയേലി തിരുശേഷിപ്പുകൾക്ക് പുറമെ ബോധി വൃക്ഷത്തിൽ നിന്ന് ഇലയും കുറച്ച് മണ്ണും ബെറെഷീറ്റ് കൊണ്ടുപോയി. ഇന്ത്യയിലെ ഗുഹകളിൽ നിന്ന് കണ്ടെടുത്ത ഹിന്ദി, ഉറുദു, സംഗീതം, ഭൂമി എന്നിവയെക്കുറിച്ചുള്ള കുറിപ്പുകൾ. ഇന്ത്യ, ചൈന, ഭൂട്ടാൻ, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വസ്തുക്കളും കൊണ്ടുപോയിരുന്നു. ആർച്ച് മിഷൻ ഫൗണ്ടേഷന്റെ വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം അന്നു വിക്ഷേപിച്ച വസ്തുക്കളെല്ലാം ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിയെന്നാണ്. പേടകം തകർന്നെങ്കിലും ഡിജിറ്റൽ ലൈബ്രറി സുരക്ഷിമായി തന്നെ ചന്ദ്രനിൽ എത്തിയിട്ടുണ്ടാകാമെന്നാണ് നിഗമനം.