അതേ സ്ഥലം, അതേ മുതല; ഇന്ന് സ്റ്റീവ് ഇർവിന്റെ മകൻ; ചിത്രം നെഞ്ചേറ്റി ലോകം; കുറിപ്പ്

ലോകത്തിന്റെ സ്നേഹം നേടിയ ഇൗ അച്ഛന്റെ മകൻ ഇപ്പോൾ ആ സ്നേഹത്തിന്റെ പിന്തുടർച്ചക്കാരനായിരിക്കുകയാണ്. സ്റ്റീവ് ഇർവിൻ എന്ന മനുഷ്യനെ കാണാൻ ഒരു ജനത തന്നെ ടിവി സ്ക്രീനിന് മുന്നിൽ കാത്തിരുന്നിട്ടുണ്ട്. മുതലകളുടെ തോഴൻ എന്ന പേരിൽ മൃഗസ്നേഹികളുടെയും കുട്ടികളുടെയും ഇഷ്ടം നേടിയ  സ്റ്റീവിന്റെ അപ്രതീക്ഷിത മരണവും ലോകത്തെ കരയിച്ചിരുന്നു. ദി ക്രൊക്കഡൈൽ ഹണ്ടർ എന്ന പരിപാടിയിലൂടെയാണ് സ്റ്റീവ് ലോകശ്രദ്ധ നേടുന്നത്. ഒടുവിൽ കടലിൽ വച്ച് തിരണ്ടിയുടെ ആക്രമണത്തിൽ അദ്ദേഹം മരണപ്പെട്ടപ്പോഴും ലോകം കണ്ണീർവാർത്തു.

ഇപ്പോഴിതാ സ്റ്റീവ്  ഇർവിന്റെ മകൻ റോബർട്ട് ഇർവിൻ ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. അച്ഛൻ മരിച്ച് 13 വർഷം പിന്നിടുമ്പോൾ ലോകത്തെ വിസ്മയിപ്പിച്ച് അച്ഛന്റെ പാത പിന്തുടരുകയാണ് താനുമെന്ന് മകൻ റോബർട്ട് തെളിയിക്കുന്നു. സ്റ്റീവ് ഇർവിന്റെ പഴയ ചിത്രവും കൂടി ഉൾപ്പെടുത്തിയാണ് മകന്റെ കുറിപ്പ്. ‘ മുതലയെ തീറ്റിക്കുന്ന ഞാനും അച്ഛനും. അതേ സ്ഥലം, അതേ മുതല, രണ്ടു ചിത്രങ്ങളും തമ്മിൽ 15 വർഷത്തിന്റെ വ്യത്യാസം.’ റോബർട്ട് കുറിച്ചു. സ്റ്റീവിന്റെ അതേ ആവേശവും രൂപവുമാണ്  മകനും. ഇതോടെ ചിത്രം ലോകത്തിന്റെ ഇഷ്ടം നേടുകയാണ്. 2006 ലായിരുന്നു ഒരു ഡോക്യൂമെന്ററി ചിത്രീകരണത്തിനിടെ കടലിൽ വച്ച് തിരണ്ടിയുടെ ആക്രമണത്തിൽ സ്റ്റീവ് മരണപ്പെടുന്നത്.