വിമാനത്തിനുള്ളിൽ യുവതി ഉറങ്ങിപ്പോയി; കണ്ണു തുറന്നപ്പോൾ ഒറ്റക്ക്; ശേഷം....

ക്യുബെക്കിൽ നിന്നും ടൊറൻറോയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ടിഫാനി. വിമാനം ടേക്ക് ഓഫ് ചെയ്ത് അൽപസമയത്തിനു ശേഷം ടിഫാനി ഉറങ്ങിപ്പോയി. കണ്ണു തുറന്നപ്പോൾ ചുറ്റും കൂരാക്കൂരിരുട്ട്. നിർത്തിയിട്ട വിമാനത്തിൽ താൻ ഒറ്റക്കാണെന്ന് അവൾ മനസിലാക്കി. ആദ്യം ഒരു ദീർഘനിശ്വാസം. ശേഷം തീവ്രപരിശ്രമം. 

അതിസാഹസികമായാണ് ടിഫാനി വിമാനത്തിനു പുറത്തു കടന്നത്. കയ്യിലുണ്ടായിരുന്നു മൊബൈൽ ഫോൺ ചാര്‍ജ് ചെയ്യാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. വിമാനത്തിലെ ചാർജിങ്ങ് പോർട്ടുകള്‍ കണ്ടുപിടിച്ച് ചാര്‍ജ് ചെയ്യാൻ ശ്രമം നടത്തിയെങ്കിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. പിന്നീട് ഏറെ കഷ്ടപ്പെട്ട് കോക്പിറ്റിലെത്തി ഒരു ടോർച്ച് സംഘടിപ്പിച്ചു.  ബുദ്ധിമുട്ടി ഒരു വാതില്‍ തള്ളി തുറന്നു. എന്നാല്‍ 50 അടിയോളം ഉയരത്തിലായിരുന്നു ടിഫാനി ഉണ്ടായിരുന്നത്. 

പിന്നീട് ടോര്‍ച്ച് വെളിച്ചം ഉപയോഗിച്ച് വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റാനായി ശ്രമം. ഒടുവില്‍ ടോര്‍ച്ച് വെട്ടം കണ്ട വിമാനത്താവളത്തിലെ ഒരു ജീവനക്കാരൻ സഹായത്തിനെത്തി. അയാളുടെ സഹായത്തോടെ വിമാനത്തിന്‍റെ വാതിലില്‍ തൂങ്ങിയും പിടിച്ചും അതിസാഹസികമായാണ് ടിഫാനി പുറത്തിറങ്ങിയത്. ഇപ്പോഴും ആ രാത്രി തന്നെ ഭയപ്പെടുത്താറുണ്ടെന്ന് യുവതി പറയുന്നു. 

ഈ മാസമാദ്യമാണ് സംഭവം. ടിഫാനിയുടെ സുഹൃത്താണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സംഭവമറ‍ിഞ്ഞവർ വിമാനക്കമ്പനിക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. സംഭവത്തിൽ എയർ കാനഡ മാപ്പ് പറഞ്ഞു.