ചെടികളിൽ ഉപയോഗിക്കുന്ന കീടനാശിനികൾ കുട്ടികൾക്ക് ദോഷം; പഠനം

ചെടികളില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ കുട്ടികളില്‍ രക്തസമ്മര്‍ദത്തിന് കാരണമാകുന്നുവെന്ന്  പഠന റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി ഒാഫ് കാലിഫോര്‍ണിയ, സാന്‍ഡിയാഗോ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.  

ലോകത്ത് ഏറ്റവും കൂടുതല്‍ പൂകൃഷി ചെയ്യപ്പെടുന്ന സ്ഥലമാണ് എക്വഡോര്‍. നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയിടങ്ങളിലേക്ക് വന്‍തോതില്‍ പനീര്‍പൂക്കള്‍ കയറ്റി അയക്കുന്നയിടം. അതുകൊണ്ട് തന്നെ കീടനാശിനികളുടെയും കുമിള്‍നാശിനികളുടെയും ഉപയോഗം വന്‍ തോതില്‍ ആണിവിടെ. ഇത് കൃഷിയിടങ്ങള്‍ക്ക് സമീപത്തെ കുട്ടികളെ എങ്ങനെ ബാധിക്കുന്നെന്ന് അറിയാന്‍ നടത്തിയ  പഠനങ്ങളിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.  

മാതൃദിനത്തോട് അനുബന്ധിച്ചുള്ള വന്‍വിളവെടുപ്പിന് ശേഷം,, നാലു മുതല്‍ ഒന്‍പതു വയസുവരെയുള്ള  313 കുട്ടികളിലാണ് പഠനം നടത്തിയത്. നൂറു ദിവസത്തോളം തുടര്‍ച്ചായി നടത്തിയ പഠനത്തില്‍ ,, ഒാര്‍ഗാനോഫോസ്ഫേറ്റ് പോലുള്ള കീടനാശിനികള്‍ക്ക് രക്തസമ്മര്‍ദം കൂട്ടാന്‍ കഴിവുണ്ടെന്ന് കണ്ടെത്തി. മാതൃദിനത്തിന് ശേഷം  നടത്തിയ പരിശോധനയില്‍ സിസ്റ്റോളിക് , ഡയസ്റ്റോളിക് ബ്ലഡ് പ്രഷര്‍ കുട്ടികളില്‍ വളരെ ഉയര്‍ന്ന തോതിലാണ് കണ്ടുവരുന്നത്

വിളവെടുപ്പിനുതൊട്ടടുത്ത ദിവസങ്ങളില്‍ പഠനം നടത്തിയ കുട്ടികളില്‍ ശ്രദ്ധക്കുറവ്, ആത്മനിയന്ത്രണം ഇല്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കണ്ടെത്തി. കീടനാശിനി പ്രയോഗം സമീപപ്രദേശങ്ങളിലെ കുട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.