കുളിക്കാനോ വിയർക്കാനോ പറ്റില്ല; വെള്ളത്തോട് അലർജി; യൂട്യൂബർക്ക് അപൂർവ്വരോഗം

Image Courtesy: Caters News Agency

കുളിക്കുന്നതിന് മാത്രമല്ല, നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും വെള്ളം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. വെള്ളം ഉപയോഗിക്കാനാകാത്ത അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു രോഗാവസ്ഥയാണ് സസെക്സിൽ നിന്നുള്ള യുവതിക്ക് പങ്കുവെക്കാനുള്ളത്. 

വെള്ളത്തോടുള്ള അലർജിയാണ് നിയ സെല്‍വെ എന്ന ഇരുപത്തിയൊന്നുകാരിക്ക്. അക്വാജെനിക്ക് പ്രൂരിട്ടസ് (aquagenic pruritus) എന്ന രോഗമാണ് യൂട്യൂബർ കൂടിയായ നിയയെ ബാധിച്ചിരിക്കുന്നത്. 

ശരീരവും വെള്ളവുമായി ബാഹ്യ സമ്പർക്കം ഉണ്ടായാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നിയക്കുള്ളത്. കുളിക്കുക, കൈകാലുകൾ കഴുകുക എന്നിവ ചെയ്താൽ ശരീരത്ത് ചുവന്നുതടിച്ച പാടുകൾ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന പുകച്ചിൽ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. 

മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വേദനയുമുണ്ടാകും. വെള്ളത്തോടുള്ള അലർജി കാരണം നിയക്ക് വീടിന് പുറത്തേക്ക് പോകാനോ ജോലി ചെയ്യാനോ സാധിക്കുന്നില്ല. മഴയും മഞ്ഞുമെല്ലാം നിയയുടെ ശരീരത്തെ വേദനിപ്പിക്കും. 

അഞ്ച് വയസ്സിലാണ് നിയയിൽ ഈ പ്രശ്നങ്ങള്‍ ആദ്യമായി കണ്ടുതുടങ്ങിയത്. പ്രായമേറുംതോറും പ്രശ്നങ്ങൾ വഷളാകാൻ തുടങ്ങി. 2013ഓടെ അലർജി രൂക്ഷമായി. വല്ലപ്പോഴും വന്നിരുന്ന പ്രശ്നം പതിവായി മാറി. 

ചികിത്സകൾ പലതും നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അലർജിയുടെ യഥാർഥ കാരണം കണ്ടെത്താൻ ഇതുവരെ ഡോക്ടർമാർക്കും കഴിഞ്ഞിട്ടില്ല. ദിവസം മുഴുവൻ ഫാനിന്റെയും എസിയുടെയും ചുവട്ടിലാണ് നിയ. വീട്ടിലെ ജോലികള്‍ ചെയ്യാനോ പുറത്തേക്കിറങ്ങാനോ കഴിയില്ല. 

സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ പുതിയ ചികിത്സാരീതികൾ തേടുകയാണ് നിയയിപ്പോൾ.