143 പേരുമായി പറന്ന വിമാനം പുഴയിൽ വീണു; അപകടത്തിൽപ്പെട്ടത് ബോയിംഗ് 737 വിമാനം

143 യാത്രക്കാരുമായി പറന്നിറങ്ങിയ വിമാനം നദിയിൽ വീണു. മിയാമി ഇന്റർനാഷണലിന്റെ ബോയിംഗ് 737 വിമാനമാണ് വൻഅപകടത്തിൽപ്പെട്ടത്. എന്നാൽ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 21 പേർക്ക് അപകടത്തിൽ പരുക്ക് പറ്റിയിട്ടുണ്ട്. ലാൻഡിങ്ങിനിടിയിലാണ് വിമാനം നദിയിൽ പതിച്ചത്. ഫ്ലോറിഡ ജാക്‌സൺ വില്ലയ്ക്ക് സമീപത്തെ സെന്റ് ജോൺസ് നദിയിലേക്കാണ് വിമാനം വീണത്.  

136 യാത്രക്കാരും 7 ജീവനക്കാരുമായി ക്യൂബയിലെ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽനിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജാക്‌സൺവില്ല നാവിക വിമാനത്താവളത്തിലെ റൺവേയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് വിമാനം പുഴയിലേക്ക് മറിഞ്ഞത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും 21 പേർക്ക് പരുക്കേറ്റതായും അധികൃതർ സ്ഥിരീകരിച്ചു. 

വിമാനം വെള്ളത്തിൽ പൂർണമായും മുങ്ങിയിരുന്നില്ല. ലാൻഡിങ്ങിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  വിമാനത്തിൽ നിന്ന് ഇന്ധനം പുഴയിൽ കലരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.