തെക്കൻ ആഫ്രിക്ക തകർത്ത് ഇദായ്; സഹായവുമായി ഒാടിയെത്തി ഇന്ത്യൻ നേവി: അഭിമാനം

അക്ഷരാർഥത്തിൽ തെക്കൻ ആഫ്രിക്കയെ തകർത്തെറിഞ്ഞിരിക്കുകയാണ് ഇദായ് ചുഴലിക്കാറ്റ്. ഭക്ഷ്യക്ഷാമവും രോഗങ്ങളുമാണ് ജനം ദുരിതാശ്വാസക്യാപുകളിൽ അഭയം തേടിയിരിക്കുകയാണ്. ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കവിഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. 26 ലക്ഷത്തിലധികം പേരെയാണ് ചുഴലിക്കാറ്റും പേമാരിയും ബാധിച്ചിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആപത്തിൽ സഹായവുമായി ആദ്യം ഒാടിയെത്തിയവരിൽ ഇന്ത്യ നേവിയുമുണ്ട്. 

ഇന്ത്യൻ നേവിയുടെ രക്ഷാദൗത്യത്തിൽ ഇതുവരെ 200ലേറെ പേരെ രക്ഷപ്പെടുത്തുകയും 1500ലേറെ പേർക്ക് സഹായവും എത്തിച്ചു.  മൊസാംബിക്കിയിലാണ് ചുഴലിക്കാറ്റ് വൻനാശം വിതച്ചത്. ഇന്ത്യയുടെ മൂന്നുനേവൽ കപ്പലുകളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഒരു കപ്പൽ കൂടി ദുരിതാശ്വാസ സാധനങ്ങളുമായി പുറപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ചേതക്ക് ഹെലികോപ്റ്ററുകളും രക്ഷാദൗത്യത്തിന്റെ ഭാഗമാകുന്നുണ്ട്. 

ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സർവസഹായങ്ങളുമായി രംഗത്തുണ്ട്. എന്നാൽ ക്യാപുകളിൽ കഴിയുന്ന ലക്ഷങ്ങൾ ഇപ്പോഴും ദുരിതത്തിലാണ് രണ്ട് ലക്ഷത്തിലേറെ പേർക്ക് മൂന്നുമാസത്തെ ഭക്ഷണം ഇനിയും ആവശ്യമുണ്ടെന്നാണ് യുഎൻ അറിയിച്ചു.  മൊസാംബിക്കിലും സിംബാവ്വെയിലും മലായിലുമാണ് ഇദായ് ദുരിതം വിതച്ചത്. സ്ഥിതി അതീവഗുരുതരമാണെന്നും  പൂർണമായും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ദുരിതാശ്വാസപ്രവർത്തനം  ആരംഭിക്കാൻ സാധിച്ചിട്ടില്ലെന്നും മൊസാംബിക്ക് ഭരണകൂടം അറിയിച്ചു.