ഭാര്യയുടെ സ്നേഹം അളക്കാൻ ‘അപകടം’; ഒടുവിൽ പരുക്കുകളോടെ ആശുപത്രിയിൽ; വിഡിയോ

വല്ലാത്ത പരീക്ഷണമായിപ്പോയി എന്നാണ് ഇൗ വിഡിയോയ്ക്ക് ചുവട്ടിലെ കമന്റുകൾ. ഭാര്യയ്ക്ക് തന്നോടുള്ള സ്നേഹം അളക്കാൻ കൈവിട്ട പരീക്ഷണം നടത്തി ആശുപത്രിയിലായിരിക്കുകയാണ് ഇൗ യുവാവ്. റോഡിന്റെ നടുവിൽ കയറി നിന്നാണ് ഇയാൾ ഭാര്യയ്ക്ക് തന്നോടുള്ള സ്നേഹത്തിന്റെ തോത് അളന്നത്.  ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ നടന്ന സംഭവത്തിന്റെ വിഡിയോ സോഷ്യൽ ലോകത്തും വൈറലാണ്.

യുവാവും ഭാര്യയും റോഡിൽ നിന്നു വഴക്കിടുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഇയാൾ വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ നടുവിൽ കയറി നിന്നു. ഭര്‍ത്താവിനെ പിടിച്ചു വലിച്ചു സുരക്ഷിതനാക്കാൻ ഭാര്യ ശ്രമിക്കുന്നതും കാണാം. എന്നാൽ ഇയാൾ ബലം പിടിക്കുകയും റോഡിനു നടുവിൽ നിന്നു മാറാൻ സമ്മതിക്കുന്നുമില്ല. തുടർന്നാണ് കടന്നുപോയ  ഒരു വാഹനം ഇടിച്ചു തെറിപ്പിച്ചത്.

നെഞ്ചിലും തലയിലും പരുക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോർ‌ട്ടുകൾ. ഭാര്യയുടെ സ്നേഹം പരീക്ഷിക്കാനാണു താൻ റോഡിൽ നിന്നതെന്ന് ഇയാൾ പൊലീസുകാരോടു പറഞ്ഞതായി ബിടൈം റിപ്പോർട്ടു ചെയ്യുന്നു. സ്നേഹമുണ്ടെങ്കിൽ ഭാര്യ തന്നെ പിന്നിലേക്ക് വലിച്ചു രക്ഷപ്പെടുത്തും എന്നാണ് ഇയാൾ പറഞ്ഞത്. ഇയാൾ മദ്യപിച്ചിരുന്നതായും സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.