ഉണ്ടയില്ലാത്ത തോക്കുമായി അക്രമിയെ നേരിട്ടു; അഭയാർത്ഥിയുടെ ഒറ്റയാൾ പോരാട്ടം; കയ്യടി

ആയുധങ്ങളൊന്നുമില്ലായിരുന്നു അസീസിൻറെ കയ്യിൽ. ആകെ ഉണ്ടായിരുന്നത് ഒരു ക്രെഡിറ്റ് കാർ‌ഡ്  മെഷീൻ‌ മാത്രം. എന്നാൽ ന്യൂസിലൻഡിലെ രണ്ടാമത്തെ പള്ളിയിലുണ്ടായ വെടിവെയ്‍പില്‍ മരണസംഖ്യ കുറഞ്ഞത് അബ്ദുൾ അസീസ് എന്ന അഭയാർത്ഥിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ്. 

നന്ദി പറയാനെത്തുന്നവരോട് അസീസ് പറയുന്നത് ഇത്രമാത്രം: ''എനിക്ക് കൂടുതലൊന്നും ആലോചിക്കാൻ സമയം കിട്ടിയില്ല, അപ്പോൾ തോന്നിയത് ചെയ്തു''. 

ഭീകരാക്രമണമുണ്ടാകുന്ന സമയത്ത് അസീസും 4 മക്കളും പള്ളിക്കുള്ളിലുണ്ടായിരുന്നു. പുറത്തുനിന്നും വെടിയൊച്ച കേട്ടപ്പോഴാണ് അക്രമത്തെക്കുറിച്ചറിഞ്ഞത്. ആരോ പടക്കം പൊട്ടിച്ചതാണെന്നായിരുന്നു ആദ്യം വിചാരിച്ചത്. സംശയം തോന്നിയതിനെത്തുടർന്ന് കയ്യിലുണ്ടായിരുന്ന ക്രെഡിറ്റ് കാർഡ് മെഷീൻ എടുത്ത് പുറത്തേക്കോടുകയായിരുന്നു. 

പുറത്തെത്തിയപ്പോൾ‌ തോക്കേന്തി നിൽക്കുന്ന അക്രമിയെ ആണ് കണ്ടത്. ആദ്യം അയാൾ നല്ലവനാണോ കൊള്ളാത്തവനാണോ എന്ന് ആദ്യം മനസിലായില്ല. പക്ഷേ അധിക്ഷേപം തുടർന്നതോടെ അയാൾ നല്ലവനല്ലെന്ന് തനിക്ക് മനസിലായതായും അസീസ് പറയുന്നു. 

അക്രമി താഴെയിട്ട തോക്ക് കയ്യിലെടുത്താണ് പീന്നീട് അസീസ് പ്രതിരോധിച്ചത്. ഉണ്ടയില്ലാത്ത തോക്കുമായി ഇവിടെ വാടാ എന്ന് അസീസ് അലറി. ഇതോടെ അക്രമിയുടെ ശ്രദ്ധ മാറി. കുറേ നേരം അക്രമിയുടെ പിന്നാലെ ഓടിയതിനു ശേഷമാണ് അസീസ് തിരികെ പള്ളിയിലെത്തിയത്.