മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയ ലോട്ടറിക്ക് 35 ലക്ഷം; പിടിവീണു

മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടുത്ത ലോട്ടറിക്ക് ലക്ഷങ്ങൾ അടിച്ചു. എന്നാൽ പണം വാങ്ങാൻ ലോട്ടറി ഓഫിസിലെത്തിയ യുവതിയെ കാത്തുനിന്നത് പൊലീസ്. കാനഡയിലെ ഓട്ടാവയിലാണ് സംഭവം. ന്യൂഫൗണ്ട്‍ലാൻഡിലെ സ്റ്റോറിൽ നിന്നെടുത്ത ലോട്ടറി ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. എന്നാൽ യുവതി മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ലോട്ടറി വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. 

സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് യുവതിയെ കുടുക്കിയത്. 33 കാരിയായ യുവതിക്ക് 50,000 ഡോളർ (35 ലക്ഷം രൂപയോളം) ആണ് ലോട്ടറി അടിച്ചത്. എന്നാൽ നിയമപരമായി മാത്രമേ ഈ തുക കൈമാറുവെന്നും അല്ലെങ്കിൽ ഉടമസ്ഥത അവകാശപ്പെടാത്ത തുകയായി കണക്കാക്കുമെന്നും അറ്റ്ലാൻറിക് ലോട്ടറഇ കോർപറേഷൻ അറിയിച്ചു. ക്രെഡിറ്റ് കാർഡ് മോഷണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് യുവതി അറ്റ്ലാൻിക് ലോട്ടറി കോർപറേഷനിൽ എത്തിയെന്ന് വിവരം ലഭിച്ചതോടെയാണ് അറസ്റ്റിനു കളമൊരുങ്ങിയത്.