രക്തചൊരിച്ചിലുകൾക്കിടയിലും വൻ ഭൂരിപക്ഷത്തോടെ ഷെയ്ക് ഹസീനയ്ക്ക് വിജയം

രക്തരൂക്ഷിതമായ അന്തരീക്ഷത്തില്‍ നടന്ന ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. 300ല്‍ 299 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി നേതൃത്ത്വം നല്‍കുന്ന മുന്നണി 241 സീറ്റ് നേടി. വോട്ടെടുപ്പ് വെറും പ്രഹസനമായിരുന്നുവെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള ആവശ്യവുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ്  പാര്‍ട്ടി രംഗത്തുവന്നു.

നാലാം തവണയാണ് ഷെയ്ക്ക് ഹസീന ബംഗ്ലദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും. ഹസീനയ്ക്ക് 2, 29,539 വോട്ട് ലഭിച്ചപ്പോള്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി എസ്. എം.ജിലാനിക്ക് ലഭിച്ചത് 123 വോട്ടുകള്‍ മാത്രം. എന്നാല്‍ ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം ലോകം കണ്ടത് ജനാധ്യപത്യത്തിന്റെ നരനായാട്ടായിരുന്നു. വോട്ടെടുപ്പില്‍ ക‍‍ൃത്രിമം നടന്നുവെന്നാരോപിച്ച് പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജീവന്‍ നഷ്ടമായത്  പതിനേഴുപേര്‍ക്കാണ്. 

തലസ്ഥാനമായ ധാക്കയിലടക്കം എല്ലാ മേഖലകളിലും തിരഞ്ഞെടുപ്പ് അട്ടിമറി നടന്നു. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബാലറ്റ് പെട്ടികള്‍ പലയിടത്തും പൂര്‍ണമായും നിറഞ്ഞു. ഭരണകക്ഷിയുടെ പോളിങ് ഏജന്റുമാരായിരുന്നു  ഒട്ടുമിക്ക പോളങ് സ്റ്റേനുകളിലും നിയന്ത്രണമേറ്റെടുത്തത്. 28 സ്ഥാനാഥിര്‍കള്‍ അട്ടിമറി ആരോപിച്ച് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യവുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ്  പാര്‍ട്ടിയും രംഗത്തെത്തി. ഇവര്‍ക്ക് 7 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കുമെന്ന് തി‍രഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. അക്രമങ്ങള്‍ കണക്കിലെടുത്ത് ആറുലക്ഷം സൈനികരെയാണ് രാജ്യത്തിലുടനീളം വിന്യസിച്ചിരിക്കുന്നത്.