2018ലെ മറക്കാനാഗ്രഹിക്കുന്ന ഓര്‍മ്മകൾ മായ്ച്ചുകളയാം; അശുഭകരമായ കാര്യങ്ങള്‍ ചവറ്റുകുട്ടയിലേക്ക്

2019 നെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വളരെ വ്യത്യസ്ഥമായ ഒരു പരിപാടി ന്യൂയോര്‍ക്കില്‍ അരങ്ങേറുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ജീവിതത്തിലുണ്ടായ അശുഭകരമായ കാര്യങ്ങള്‍ ഒരു പേപ്പറിലെഴുതി ചവറ്റകുട്ടയ്ക്ക് സമാനമായ ഒരു പെട്ടിയിലേക്കിട്ട് മറക്കുകയാണ് ഒരു കൂട്ടം ആളുകള്‍. 

ഇതു കാണുന്നവരില്‍ ചിലരെങ്കിലും ഒരു തമാശയായി മാത്രമേ ഈ പരിപാടിയെ കാണുകയുള്ളു. എന്നാല്‍ ഇതില്‍ പങ്കെടുത്തവരുടെ പ്രതികരണങ്ങളും മുഖത്തെ ശുഭാപ്തി വിശ്വാസം വളരെ വലുതാണ്. 

വംശീയതയും, തോക്ക് കൊലപാതകങ്ങളും, പീഡനങ്ങളുമടക്കമുള്ള കഴിഞ്ഞ വര്‍ഷത്തെ മറക്കാനാഗ്രഹിക്കുന്ന ഓര്‍മകള്‍ ഓരോരുത്തരും പേപ്പറുകളിലെഴുതി  ഒരു പെട്ടിയിലേക്കിട്ടു. കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന ആശങ്കയും ചിലര്‍ പേപ്പറിലെഴുതി . കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രാര്‍ഥിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു.  

2018 ല്‍ ജീവിതത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ചവറ്റുകുട്ടയിലെറിഞ്ഞ് പുത്തന്‍ പ്രതീക്ഷകളുമായാണ് 2019 നെ സ്വീകരിക്കുന്നതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

2018 ല്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടിവന്നെന്നും അതിനൊരു മാറ്റം 2019 ല്‍ ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷ പരിപാടിയുടെ സംഘാടകരായ ടൈംസ് സ്ക്വയര്‍ അലൈന്‍സിന്റെ പ്രസിഡന്റ് ടിം ടോംകിന്‍സ് അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ പോയവര്‍ഷത്തെ വേദനകളും വിഷമങ്ങളും ചവറ്റുകുട്ടയിലേക്കെറിഞ്ഞ് 2019 നെ ശുഭാപ്തിവിശ്വാസത്തോടെ സ്വീകരിക്കാനൊരുങ്ങുകയാണിവര്‍.