ഹോട്ടലിൽ മുറിയെടുത്തു; നഗ്നദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി; ഹിൽട്ടനെതിരെ യുവതി

Courtesy: Google

അമേരിക്കൻ കമ്പനി ഹിൽട്ടൻ വേൾഡ്‌വൈഡിനെതിരെ പരാതിയുമായി പരാതി. ഹോട്ടലിൽ അതിഥിയായി എത്തിയ യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയെന്നാണ് പരാതി.  നഷ്ടപരിഹാരമായി 100 മില്യൺ ഡോളർ നൽകണമെന്ന് ചിക്കാഗോ സ്വദേശിയായ യുവതി നല്‍കിയ പരാതിയിൽ പറയുന്നു. 

ഹോസ്പിറ്റാലിറ്റി രംഗത്തെ ഭീമന്മാരാണ് ഹിൽട്ടൻ വേൾഡ്‌വൈഡ്. ന്യൂയോർക്കിലെ അൽബാനിയിലെ ഹിൽട്ടന്റെ ഹോട്ടലായ ഹാംപ്ടണ്‍ ഇൻ ആന്റ് സ്യൂട്ട്സിലാണ് യുവതി 2015 ജൂലൈയില്‍ മുറിയെടുത്തത്. ഹോട്ടലിലെ മുറിയിൽ നഗ്നയായി കുളിക്കുന്നത് ഒളിക്യാമറയിൽ പകർത്തിയെന്നാണ് യുവതിയുടെ പരാതി. 

സംഭവത്തെപ്പറ്റി യുവതി അറിയുന്നത് മൂന്ന് വർഷങ്ങൾക്ക് ശേഷം മാത്രം. 'ഇത് നിങ്ങളല്ലേ' എന്നുചോദിച്ചുകൊണ്ട് ഒരാൾ വിഡിയോ യുവതിക്ക് അയച്ചുകൊടുക്കുകയായിരുന്നു. യുവതിയുടെ മുഴുവൻ പേരുസഹിതമാണ് വിഡിയോ അശ്ലീലസൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നത്. 

പിന്നീട് വിഡിയോ അയച്ചയാൾ ഭീഷണിപ്പെടുത്തിയെന്നും ബ്ലാക്മെയിൽ ചെയ്തെന്നും യുവതി പറയുന്നു. ഇപ്പോൾ എവിടെയാണ് ജോലി ചെയ്യുന്നതെന്നും മറ്റുമുള്ള വിവരങ്ങൾ തിരക്കി നിരന്തരം അയാൾ സന്ദേശങ്ങളയച്ചു. എന്നാൽ സന്ദേശങ്ങൾക്ക് മറുപടി നൽകാത്തതിനാൽ മറ്റ് അശ്ലീലസൈറ്റുകളിലും വിഡിയോ അപ്‍ലോഡ് ചെയ്തു. 

സുഹൃത്തുക്കൾക്കും പഴയ കോളജിലെ സഹപാഠികള്‍ക്കും യുവതിയുടെ പേരിൽ വ്യാജ മെയിൽ ഐഡിയുണ്ടാക്കി ഇയാള്‍ അയച്ചുകൊടുത്തു. പണം ചോദിച്ചും ഇയാൾ ബ്ലാക്മെയിൽ തുടർന്നു. ഹോട്ടലിൽ താമസിച്ച മറ്റ് പലരുടെയും നഗ്നദൃശ്യങ്ങൾ ഇത്തരത്തിൽ ഒളിക്യാമറയിൽ പകർത്തിയതായി പരാതിയിൽ പറയുന്നു. 

അതിഥികളുടെ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഹിൽട്ടൻ കമ്പനി വക്താവ് പ്രതികരിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.