വയർ വീർത്തുവന്നു; കുടവയറെന്ന് കരുതി: പരിശോധിച്ചപ്പോൾ 34 കി.ഗ്രാമുള്ള മുഴ: അര്‍ബുദം

47 വയസേ ഉളളൂ ഹെക്ടര്‍ ഹെര്‍ണാണ്ടസിന്. എന്നാൽ കാഴ്ചയിൽ അതില് ‍കൂടുതൽ തോന്നിക്കുമായിരുന്നു. ലൊസാഞ്ചല്‍സ് മെട്രോയിലെ ജീവനക്കാരനായ തന്നെ ആളുകൾ തുറിച്ചു നോക്കി നിൽക്കുമായിരുന്നുവെന്ന് ഹെക്ടർ ഫെർണാണ്ടസ് പറയുന്നു. തന്റെ പതിവിലും വലുപ്പമുളള വയറാണ് ആ തുറിച്ചു നോട്ടങ്ങൾക്കു കാരണം. ചെറുപ്പം മുതൽ നല്ല തടിയുണ്ടായിരുന്നു. നന്നായി ബിയർ കഴിക്കുന്നതു കൊണ്ട് ചാടിയ കുടവയറായിരിക്കാം ഇതെന്ന് കരുതി.

പിന്നീട് മറ്റുളളവരിൽ നിന്ന് എങ്ങനെ ഈ വയർ മറച്ചു വയ്ക്കാമെന്നതായി ചിന്ത. വലിയ ജാക്കറ്റ് ധരിച്ച് വയർ മറച്ചു പിടിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അധികമായി ബിയർ കഴിക്കുന്നത് കൊണ്ടാണ് വയർ ചാടുന്നതെന്ന സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ച് ബിയർ പൂർണമായും ഉപേക്ഷിച്ചുവെങ്കിലും വയർ വീർത്തു കൊണ്ടിരുന്നു. അടുത്ത നിയന്ത്രണം ഭക്ഷണകാര്യത്തിലായി. കുടൂതൽ കൊഴുപ്പമുളള ഭക്ഷണത്തെ പടിക്കു പുറത്തു നിർത്തി. എന്നിട്ടും യാതൊരു മാറ്റമുണ്ടായില്ല. ശരീരത്തിന്റെ മറ്റുഭാഗങ്ങൾ മെലിഞ്ഞു മെലിഞ്ഞു വന്നപ്പോൾ വയർ അസാധാരണമായി വീർത്തു വന്നു.

വയർ വീണ്ടും കൂടിയതോടെ ഷൂവിന്റെ ലേസ് വരെ കെട്ടാൻ കുനിയാൻ പറ്റില്ലെന്ന സ്ഥിതി വന്നു. വയർ കൂടുമ്പോഴും ശരീരത്തിന്റെ മറ്റുഭാഗങ്ങൾ അസാധാരണമായി മെലിയുന്നത് മാനസിക പ്രയാസം ഉണ്ടാക്കിയതോട‌െയാണ് ഡോക്ടറെ കാണാൻ തീരുമാനിച്ചത്. 2016 ൽ ഡോക്ടറെ ഹെക്ടർ സമീപിച്ചുവെങ്കിലും ഇതെല്ലാം സാധാരണയാണെന്നും വ്യത്യസ്ത രീതിയിലാണ് ഓരോരുത്തർക്കും ശരീരഭാരം വർധിക്കുന്നതെന്നുമായിരുന്നു ഡോകടറുടെ അഭിപ്രായം. ഗുളികളും ശരീരം മെലിയാനുളള നിർദേശങ്ങളുമായി തിരിച്ചെത്തിയ ഹെക്ടർ മറ്റൊരു ഡോക്ടറെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ഫലമുണ്ടായി. 2017 ൽ ഡോ.വില്യം സെങ് നടത്തിയ പരിശോധനയിൽ െഹക്ടറിന് ലിപോസാര്‍കോമ എന്ന അപൂര്‍വ്വമായ അര്‍ബുദ രോഗമാണെന്ന് കണ്ടെത്തി. 

ജൂലൈയിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വില്യം  സെങ് ഹെക്ടറുടെ വയറിൽ നിന്ന് 77 പൗണ്ടോളം(34 കിലോ)  തൂക്കം വരുന്ന മുഴ നീക്കം ചെയ്തു. തന്റെ ജീവിതത്തിൽ ഇത്രയും വലിയ മുഴ നീക്കം ചെയ്യുന്നത് ആദ്യമായാണെന്നും 30 പൗണ്ട് തൂക്കം വരുന്ന മുഴയാണ് ഇതിനു മുൻപ് നീക്കം ചെയ്തതിൽ ഏറ്റവും വലുതെന്നും ഡോ. വില്യം സെങ് പറഞ്ഞു. 

കൊഴുപ്പ് കോശങ്ങളെ ബാധിക്കുന്ന അർബുദം വലിയ മുഴയായി അടിവയറ്റിൽ രൂപം കൊളളുകയായിരുന്നു. ഒട്ടും വേദനയില്ലാതിരുന്നതാണ് അമിതവണ്ണമാണ് മുഴയ്ക്ക് കാരണമെന്ന് ഹെക്ടർ തെറ്റിദ്ധരിച്ചതും. രക്തസമ്മർദത്തിന്റേതാണ് മുഴയുടെ ലക്ഷണങ്ങൾ എന്നാണ് താൻ കരുതിയിരുന്നതെന്നും പരിശോധന കഴിഞ്ഞതോടെ താൻ ഞെട്ടിപ്പോയെന്നും ഡോക്ടർ പറഞ്ഞു.

ഭാഗ്യവശാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മുഴ പടര്‍ന്നിരുന്നില്ല. എന്നാല്‍ ശസ്ത്രക്രിയയില്‍ ഹെക്ടറിന്റെ ഒരു വൃക്ക നീക്കം ചെയ്യേണ്ടതായി വന്നു. മുഴ കാരണം വൃക്ക പ്രവര്‍ത്തനരഹിതമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. 34 കിലോയോളം മുഴ ഇനിയും തിരിച്ചു വരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറയുന്നു. വന്നാൽ ശസ്ത്രക്രിയയല്ലാതെ മറ്റൊരു മാർഗ്ഗമില്ല.  നാല് മാസം കൂടുമ്പോള്‍ അദ്ദേഹം ഇപ്പോള്‍ സിടി സ്കാനിന് വിധേയനാകുന്നുണ്ട്.