ഫെയ്സ് ബുക്ക് വഴി വിവരങ്ങള്‍ ചോര്‍ന്നു; വന്‍ തട്ടിപ്പുകള്‍ക്ക് സാധ്യത

കഴിഞ്ഞ മാസം സംഭവിച്ച ഹാക്കിങില്‍ രണ്ട് കോടി തൊണ്ണൂറ് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ഫെയ്സ് ബുക്ക്. ഒന്നരകോടിയോളം പേരുടെ ഫോണ്‍ നമ്പരുകളും ഇ മെയില്‍ വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. വമ്പന്‍ രഹസ്യങ്ങളൊന്നും ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഫെയ്സ്ബുക്കിന്‍റെ അവകാശവാദം. ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് വന്‍ തട്ടിപ്പുകള്‍ക്ക് സാധ്യതയുണ്ടെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരാളുടെ പ്രൊഫലൈലില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് കടക്കുന്ന ഒാട്ടോമാറ്റഡ് പ്രോഗ്രാമിലൂടെയാണ് ഹാക്കിങ് നടന്നിരിക്കുന്നത്. സുരക്ഷാ കോഡില്‍ വീഴ്ച്ചയുണ്ടായി. ഒരുകോടി നാല്‍പതുലക്ഷം ഉപയോക്താക്കളുടെ ജനനതീയതി, ജോലി ചെയ്യുന്ന സ്ഥലം, വിദ്യാഭ്യാസ വിരവരങ്ങള്‍, മത സംബന്ധിയായ വിശദാംശങ്ങള്‍, ഉപയോഗിക്കുന്ന ഡിവൈസ്, ഫോളോ ചെയ്യുന്ന പേജുകള്‍, സെര്‍ച്ച് ഹിസ്റ്ററി, ലൊക്കേഷന്‍ തുടങ്ങിയവയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഒന്നരക്കോടി ഉപയോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം, വ്യക്തിഗത വിവരങ്ങള്‍ എന്നിവയും ഹാക്കര്‍മാര്‍ കരസ്ഥമാക്കി. 

അഞ്ച് കോടി ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നായിരുന്നു ആദ്യ കണക്കുകൂട്ടല്‍. വിശദമായ അന്വേഷണത്തിനൊടുവിലാണ് രണ്ട് കോടി തൊണ്ണൂറ് ലക്ഷം പേരുടെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് കണ്ടെത്തിയത്. സാമ്പത്തിക വിവരങ്ങള്‍ ഭദ്രമാണെന്ന് കമ്പനി അവകാശപ്പെടുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.െഎയുമായി സഹകരിക്കുന്നുണ്ടെന്നും സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തരുതെന്ന് നിര്‍ദേശമുണ്ടെന്നും ഫെയ്സ്ബുക്ക് അറിയിച്ചു. ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് വന്‍ തട്ടിപ്പുകള്‍ക്ക് സാധ്യതയുണ്ടെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംശയകരമായ ഇ മെയിലുകള്‍, സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിവയോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.