കാസർകോട്ട് ബാങ്കിൽ നിന്നും ഹാക്കർമാർ തട്ടിയെടുത്തത് ലക്ഷങ്ങൾ

കാസർകോട് ജില്ലയിലെ രണ്ടു സഹകരണ ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിച്ച 21 ലക്ഷം രൂപ ഹാക്കർമാർ തട്ടിയെടുത്തു. സംഭവത്തിൽ പൊലീസും സൈബർ സെല്ലും അന്വേഷണം തുടങ്ങി. വിദ്യാനഗർ എസ്ബിഐ ശാഖയിലാണ് സംഭവം. 

ബേഡകം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നിക്ഷേപിച്ച അഞ്ചു ലക്ഷം രൂപയാണ് ആദ്യം നഷ്ടപ്പെട്ടത്. സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളില്‍ ചെങ്കള സർവീസ് സഹകരണ ബാങ്ക് നിക്ഷേപിച്ച 16 ലക്ഷം രൂപയും ഹാക്കര്‍മാര്‍ തട്ടിയെടുത്തു. ഈ തുക വിർച്വൽ കറൻസി രൂപമായ ബിറ്റ്കോയിനായി മാറ്റപ്പെട്ടുവെന്നാണ് വിവരം. പണം നഷ്ടപ്പെട്ട രണ്ടു ബാങ്കുകളും എസ്പിക്ക് പരാതി നല്‍കി. സംസ്ഥാന പൊലീസിന്റെ സൈബർ ഡ്രോം അന്വേഷണം ആരംഭിച്ചു. പക്ഷേ ബിറ്റ്കോയിനായി രൂപമാറ്റം ചെയ്യപ്പെട്ട പണം കണ്ടെത്താൻ പ്രയാസകരമാവുമെന്നാണ് വിലയിരുത്തല്‍. 

അതേസമയം, ചെങ്കള ബാങ്ക് നിക്ഷേപിച്ച പണം നഷ്ടമായിട്ടില്ലെന്നും വിവരമറിഞ്ഞയുടനെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ടെന്നുമാണ് എസ്ബിഐയുടെ വിശദീകരികണം. സംഘങ്ങളുടെയും, സഹകരണ ബാങ്കുകളുടെയും നിക്ഷേപം ജില്ലാ സഹകരണ ബാങ്കുകളിലാണെങ്കിലും ഇടപാടുകാരുടെ സൗകര്യാർഥം ഇന്റർനെറ്റ് ബാങ്കിങ്ങിനു വേണ്ടിയാണ് ദേശസാൽകൃത ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഇന്റർനെറ്റ് ബാങ്കിങ് അക്കൗണ്ടുകളുടെയും ഇടപാടുകളുടെയും സുരക്ഷ വർധിപ്പിക്കാൻ സഹകരണ സംഘം രജിസ്ട്രാർ സി.എം.അജേയ്യ മോഹൻ നിർദേശം നൽകി. കോർപറേറ്റ് ഇന്റർനെറ്റ് ബാങ്കിങ് ഇടപാടുകൾ ഒറ്റത്തവണ പാസ്‌വേഡ് മുഖേന മാത്രമേ നടത്താവു എന്നാണ് പ്രധാന നിർദേശം.