മോഡലിങ് രംഗം കീഴടക്കി ഷുഡു; ആരാണ് ലോകം തിരയുന്ന ഈ സുന്ദരി ?

മോഡലിങ് രംഗം അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. പുതിയ പരീക്ഷണങ്ങളാണ് ഇവിടെ നടക്കുന്നത്. മോഡലിങ് രംഗത്തെ താരമായ ഒരു സുന്ദരിക്ക് പിന്നാലെയാണ് ഇപ്പോൾ ഫാഷൻ ലോകം. വശ്യമാർന്ന കണ്ണുകളും എണ്ണക്കറുപ്പിൽ തിളങ്ങുന്ന ചർമവുമാണ് ഷുഡു എന്ന ഈ മോഡലിനെ മനോഹരിയാക്കുന്നത്. എന്നാൽ ഇത് ഒരു യഥാർത്ഥ മോഡൽ അല്ല എന്നതാണ് വസ്തുത. ഇതൊരു ഡിജിറ്റൽ മോഡലാണ്. ജിവനും മരണവുമില്ലാത്ത സുന്ദരിയാണ് ഷുഡു.

ലണ്ടൺ സ്വദേശിയായ കാമറോൺ ജെയിംസ് വിൽസ് ആണ് ഷുഡുവിന്‍റെ രൂപകർത്താവ്. ഇന്‍സ്റ്റഗ്രാമിൽ മാത്രം 130,000 ഫോളോവേഴ്സാണ് ഷുഡുവിന് ഉള്ളത്. ഈ വർഷം ആദ്യമാണ് വിൽസ് ഷുഡുവിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അതോടെ ഈ സുന്ദരി ആരാണെന്നറിയാന്‍ ആരാധകരെത്തി. ഷുഡു വൈറലായതോടെ യാഥാർത്ഥ്യം വെളിപ്പെടുത്തി വിൽസും രംഗത്തെത്തി. ലോകത്തെ ആദ്യ ഡിജിറ്റൽ സൂപ്പർ മോഡലാണ് ഷുഡു. 

ഷുഡുവിനെപ്പോലെയുള്ള ഡിജിറ്റൽ മോഡലുകൾ ഭാവിയിൽ ഫാഷൻ രംഗം കയ്യടക്കുമെന്നാണ് കരുതുന്നത്. ലക്ഷ്വറി മാർക്കറ്റുകളെയാണ് തന്റെ മോഡലുകൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിൽസ് പറയുന്നത്. കാരണം ഇത്തരത്തിൽ മോഡലുകളെ നിർമ്മിക്കുന്നത് വൻ തുക ചിലവാക്കിയാണ്. ഒരു മോഡലിന് മാത്രം ചിലവാകുന്നത് ആയിരത്തോളം ഡോളറുകൾ. സമയവും ഏറെ എടുക്കും. എന്നാൽ ഡിജിറ്റൽ മോഡലുകൾ ഒരിക്കലും മനുഷ്യ മോഡലുകൾക്ക് ഒരു വെല്ലുവിളി ആകില്ലെന്നും അവർക്ക് പ്രത്യേകമായ രംഗമുണ്ടെന്നും വിൽസ് വ്യക്തമാക്കുന്നുണ്ട്.