കൂട്ടിയ ശമ്പളം കുറയ്ക്കാനായി സമരം; കണ്ടുപഠിക്കൂ ഈ ഡോക്ടര്‍മാരെ..!

അങ്ങ് കാനഡയിൽ നിന്നാണ് വാർത്ത. സംഭവം നമുക്ക് കേട്ടുകേൾവി പോലുമില്ലാത്തതാണ്. പലകാരണങ്ങൾക്കും സമരം നടക്കുന്ന നമ്മുടെ നാട്ടിൽ ഇത്തരമൊരു ആവശ്യത്തിനായി ഏതായാലും സമരം നടക്കുമെന്ന് വിചാരിക്കുകയേ വേണ്ട. സർക്കാർ കൂട്ടി നൽകിയ ശമ്പളം കുറയ്ക്കാനായി കാനഡയിലെ ഒരുവിഭാഗം ഡോക്ടർമാർ സമരം നടത്തുന്നത്. അമിതമായി ശമ്പളം വർധിപ്പിച്ച സർക്കാർ നടപടി ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഡോക്ടർമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി നൂറിലേറെ ഡോക്ടർമാർ ഒപ്പിട്ട ഹർജിയും സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു.

ശമ്പള വർധനയല്ല മറിച്ച് മികച്ച ആരോഗ്യ സംവിധാനമാണ് സർക്കാർ നടപ്പിലാക്കേണ്ടതെന്നാണ് ഡോക്ടർമാരുടെ ആവശ്യം. പുതുക്കിയ ശമ്പളത്തിനായി സർക്കാർ നീക്കിവച്ച  എഴുപതുകോടി ഡോളർ ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഉപയോഗിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. നഴ്സുമാരുടെ ശമ്പളവും വർധിപ്പിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. 

ക്യൂബെക്കിലെ പതിനായിരത്തോളം ഡോക്ടർമാരുടെ പ്രതിവർഷ ശമ്പളത്തിൽ 1.4 ശതമാനത്തിന്റെ വർധനവുവരുത്താനായിരുന്നു സർക്കാർ തീരുമാനം. ഡോക്ടർമാർക്ക് മികച്ച പ്രതിഫലം ലഭിക്കുമ്പോൾ നഴ്സുമാരടക്കമുള്ള മറ്റ് ജീവനക്കാർക്ക് കടുത്ത ജോലിഭാരവവും കുറഞ്ഞ ശമ്പളവുമാണ് നൽകുന്നത്. ഇതിനെതിരെയാണ് ഒരുവിഭാഗം ഡോക്ടർമാർ സമരം നടത്തുന്നത്. എന്നാൽ മറ്റൊരുവിഭാഗം ശമ്പള വർധനയെ അംഗീകരിക്കുകയാണ്. ഏതായാലും സർക്കാരിന്റെ അന്തിമ  തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇരുപക്ഷവും.