ചുട്ടുപൊള്ളുന്ന കേരളത്തിന് കുളിര്‍മയാകും ഈ കാഴ്ച; വിഡിയോ

കേരളം ചുട്ടുപൊള്ളുമ്പോൾ ഒരു കുളിർമയ്ക്കായി യൂറോപ്പിലേക്കൊരു എത്തിനോട്ടമാകാം. യൂറോപ്പാകെ തണുത്തുവിറയ്ക്കുകയാണ്. തടാകങ്ങളും കനാലുകളുമെല്ലാം തണുത്തുറഞ്ഞു കഴിഞ്ഞു. ശക്തമായ മഞ്ഞുവീഴ്ച ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും ശൈത്യകാലം ആഘോഷമാക്കുന്നുണ്ട് യൂറോപ്യൻ ജനത.

നെതർലൻഡിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ നിന്നു പുറത്തു വരുന്ന വാർത്തകൾ രസകരമാണ്. കടുത്ത തണുപ്പിൽ തണുത്തുറഞ്ഞ കനാലിലൂടെ സ്കേറ്റിങ് നടത്തിയാണിവർ അതിശൈത്യത്തെ ആഘോഷമാക്കി മാറ്റുന്നത്. നിരവധിയാളുകളാണ് സ്കേറ്റിങ്ങിനായി കനാലിലിറങ്ങിയത്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ആദ്യമായാണ് പ്രധാന കനാലുകളായ പ്രിൻസെൻഗ്രാറ്റ്, കെയ്സേഴ്സ്ഗ്രാറ്റ് കനാലുകൾ ആളുകളെ ഉൾക്കൊള്ളാൻ തക്കവണ്ണം കട്ടിയായി തണുത്തുറഞ്ഞത്.

വിനോദ സഞ്ചാരികളും പ്രദേശവാസികളുമെല്ലാം കനാലിലൂടെയാണ് ഇപ്പോൾ നടപ്പ്. നായയുമൊത്ത് സവാരിക്കിറങ്ങുന്നവരും കുട്ടികളുമായി സ്കേറ്റിങ്ങിനെത്തുന്നവരും കുറവല്ലെന്നാണ് യൂറോപ്പിൽ നിന്നും വരുന്ന വാർത്തകൾ.