മാതൃരാജ്യം വിട്ട് എങ്ങോട്ടുമില്ല; അന്ന് അവൾ പറഞ്ഞു: ഒരു സിറിയൻ അനുഭവം

Representational Image

ചോര ചിന്തുന്ന സിറിയയില്‍ വിവിയന്‍ എന്ന ആ സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റുവെന്ന വാര്‍ത്ത വന്നിരിക്കുന്നു.  ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ സിറിയയിലെത്തിയ മനോരമ ന്യൂസ്  ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍ അന്ന് സ്നേഹം തന്ന് ഒപ്പംകൂടിയ സുഹൃത്തിനെ ഓര്‍ക്കുന്നു. 

ദമാസ്കസിൽ നിന്ന് ബിഷപ്പ് തിമോത്തിയോസിന്റെ സന്ദേശം വന്നു. ‘വിവിയന് ബോംബാക്രമണത്തിൽ ഗുരുതരമായി പരുക്കുപറ്റിയിരിക്കുന്നു. കാര്യങ്ങൾ കൂടുതൽ മോശമാവുകയാണ്...’ ഒരിക്കലും കേൾക്കാനിട വരരുതെന്ന് ആഗ്രഹിച്ച സന്ദേശം. 

വിവിയൻ ഷഹീൻ. സിറിയൻ യാത്രയിൽ എനിക്ക് ലഭിച്ച കൂട്ടുകാരി. മനോരമ ന്യൂസിനായുള്ള ആ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ക്യാമറമാൻ സുമേഷിനെ വിളിച്ച് വിവരം പറഞ്ഞു. ആഭ്യന്തര കലാപത്തിന്റെ ഭീകരതയ്ക്കിടയിലും സിറിയൻ യാത്രയ്ക്ക്  ധൈര്യം പകർന്ന് കൂടെ വന്ന സുമേഷ്, ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള വിവിയനെ പെട്ടന്ന് ഓർത്തെടുത്തു. 2014 ലെ യാത്രയിലാണ് വിവിയൻ ഞങ്ങൾക്ക് കൂട്ടായത്. അപ്പോഴേയ്ക്കും ആഭ്യന്തര കലാപം 3 വർഷം പിന്നിട്ട രാജ്യത്ത് സന്നദ്ധ പ്രവർത്തകയായിരുന്നു വിവിയൻ.

 മാധ്യമങ്ങൾക്ക് കർശന വിലക്കുള്ള കാലത്ത് കാറിനുള്ളിലിരുന്ന് ഞങ്ങളോട് സംസാരിക്കാൻ ധൈര്യം കാണിച്ചു  അവർ. കലാപത്തിൽ ജീവൻ നഷ്ടപ്പെടുന്നവരും മുറിവേൽക്കുന്നവരും അഭയാർഥികളാകുന്നവരുമായ സാധാരണ മനുഷ്യരെ കുറിച്ചുള്ള വേദനയായിരുന്നു വിവിയന്റെ വാക്കുകളിൽ. ഇസ്ലാമിക് സ്റ്റേറ്റിന്റെ തുടക്കകാലം. ഭീകരർ ക്രിസ്ത്യാനികളെ ആക്രമിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് സ്വന്തം ഗ്രാമത്തിലെ വീടുകൾക്ക്  മുകളിൽ ഐഎസ് പതാക ഉയർത്തിയ കഥ പറഞ്ഞു. ക്രിസ്ത്യാനിയായ വിവിയന് സന്നദ്ധ പ്രവർത്തനം അപകടകരമല്ലേയെന്ന് ചോദ്യം. മതമല്ല ഞാൻ അഭിമാനിയായ സിറിയക്കാരിയാണെന്ന് മറുപടി. 

എന്തു വെല്ലുവിളിയുണ്ടായാലും മാതൃരാജ്യം വിട്ട് എങ്ങോട്ടുമില്ലന്ന് വിവിയൻ തറപ്പിച്ചു പറഞ്ഞു. മാറത്ത് സെയ്ദനയിൽ വിവിയനോട് യാത്ര പറഞ്ഞ് പിരിഞ്ഞ ഞാനും സുമേഷും  ആ ചെറുപ്പക്കാരിയുടെ ധൈര്യവും നിശ്ചയദാർഢ്യവും വീണ്ടും ചർച്ച ചെയ്തു. വെല്ലുവിളികൾ നമ്മുടെ സ്വത്വബോധത്തെ എങ്ങനെ ശക്തിപ്പെടുത്തുമെന്ന് കാണിച്ചുതന്നു വിവിയൻ. പോയവർഷം തീർഥാടനത്തിന് ഇന്ത്യയിലെത്തിയ വിവിയനുമായി കാണാൻ പദ്ധതിയിട്ടെങ്കിലും പല തിരക്കുകൾ മൂലം സാധിച്ചില്ല. കഴിഞ്ഞയാഴ്ചയാണ് ബാപ്തൂമയിൽ വച്ച് വിവിയന് ബോംബാക്രമണത്തിൽ പരുക്കേറ്റത്.  കൂടെയുണ്ടായിരുന്ന കൂട്ടുകാരി ലാമ മരിച്ചുവീഴുന്നതും അവൾ കണ്ടു.

ചോരപ്പുഴയൊഴുകുന്ന നാട്ടിലെ വിശ്രമമില്ലാത്ത സാമൂഹ്യസേവനത്തിന് ചെറിയൊരു ഇടവേള നൽകാൻ അലെപ്പോയ്ക്കടുത്തുള്ള സ്വന്തം ഗ്രാമത്തിലേക്ക് പോവാനൊരുങ്ങുകയായിരുന്നു വിവിയൻ. ദമാസ്ക്കസിലെ ബാപ് തൂമയിൽ തന്നെയാണ് ഞങ്ങളും താമസിച്ചത്. ഒരു പക്ഷേ ഞങ്ങൾ നടന്ന വഴികളിലെവിടെയോ ആണ്  ആ ബോംബ് പൊട്ടിത്തെറിച്ചത്.

 തോമയുടെ വാതിൽ എന്ന ബാപ് തൂമ ക്രിസ്ത്യാനികളുടെ ഇഷ്ട തീർഥാടനകേന്ദ്രം കൂടിയാണ്. ദമാസ്കസ് നഗരത്തിന്റെ പൗരാണിക പ്രൗഢി വിളിച്ചോതുന്ന കവാടം. ആലെപ്പോ, ഹോംസ്, ഹമാ, പാൽമിറ പൗരാണിക നഗരങ്ങൾ ഒന്നൊന്നായി ശവപ്പറമ്പായി.

ഇപ്പോഴിതാ ദമാസ്ക്കസും. തൊട്ടടുത്തുള്ള ഗൂട്ടയിൽ സർക്കാർ സേന റഷ്യയുമായി ചേർന്ന് കുഞ്ഞുങ്ങളടക്കമുള്ളവരുടെ കൂട്ടക്കുരുതി തുടരുന്നു. സ്വന്തം ജനത്തിനുമേൽ രാസായുധം പ്രയോഗിക്കുന്ന ബാഷർ അൽ അസദ് യുദ്ധനിയമങ്ങളെല്ലാം കാറ്റിൽപ്പറത്തുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് തോറ്റോടിയ ഐഎസ് ഉൾപ്പെടെയുള്ള തീവ്രവാദസംഘടനകളുടെ ചെറുസംഘങ്ങളാണ് സർക്കാർ നിയന്ത്രണത്തിലുള്ള ദമാസ്കസിൽ സ്ഫോടനങ്ങളും മോർട്ടാർ ആക്രമണങ്ങളും നടത്തുന്നത്.

 കക്ഷികൾ ആരായാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണ് സിറിയയിൽ നടക്കുന്നത്. മരിച്ചുവീഴുന്നത് മനുഷ്യരാണെന്ന് ലോകം മറക്കുന്നു. എന്തിനു വേണ്ടിയാണ് ഈ ചോരക്കളി ? ജനത്തിന് സ്വൈര്യ ജീവിതം സാധ്യമാവുന്നില്ലെങ്കിൽ രാഷ

്ട്രമെന്ന സങ്കൽപ്പം തന്നെ അപ്രസക്തമാണ്. ഇങ്ങനയെങ്കിൽ വിവിയൻ, നിന്റെ രാജ്യസ്നേഹം മണ്ടത്തരമെന്നേ ഞാൻ പറയൂ.