ഓര്‍മയില്‍ ആ നിലവിളികള്‍; ഇതൊന്നും നീതിയേയല്ല..!

ഹേഗിലെ രാജ്യാന്തര ക്രിമിനൽ ട്രൈബ്യൂണലിനു മുന്നിൽ എന്നത്തേയും പോലെ പ്രസന്നവദനനായി ഒരു സമ്മർദവുമില്ലാതെ അയാൾ നിലയുറപ്പിച്ചു. ചുറ്റുമുള്ള കാമറക്കണ്ണുകളിലേക്ക് നോക്കി ഇടയ്ക്കിടെ ചിരിച്ചു കാണിച്ചു. കോടതി നടപടിക്കിടെ ന്യായാധിപൻ ചില കടുത്ത പരാമർശങ്ങൾ നടത്തിയപ്പോൾ അയാളുടെ മുഖം വലിഞ്ഞു മുറുകി. അതിനെതിരെ ഉറക്കെ കയർത്തു സംസാരിച്ചു. അയാളെ കോടതി മുറിയിൽ നിന്നും മാറ്റിയതിനുശേഷമായിരുന്നു വിധിപ്രസ്താവം.

ആരോപിക്കപ്പെട്ട പതിനൊന്ന് കുറ്റങ്ങളിൽ പത്തും കോടതി ശരിവെച്ചു. ജീവപര്യന്തമാണ് തടവ്. 

കാലം പതുക്കെ അരനൂറ്റാണ്ട് പിന്നിലേക്ക് സഞ്ചരിക്കുകയാണ്. സോവിയറ്റ് യൂണിയൻ പതനത്തിന്റെ മുഴക്കങ്ങളാണ് പശ്ചാത്തലം.

കിഴക്കൻ യൂറോപ്പിലെ ബോസ്നിയ ഹെർസെഗോവിന എന്ന ദേശം. അവിടെ ക്രൂര ബലാൽസംഗത്തിന് ഇരയായയവരെ പാതീജീവനോടെ കുഴിച്ചു മൂടുകയാണ് പട്ടാളക്കാർ. നാസിപ്പടയുടെ കോൺസെൻട്രേഷൻ ക്യാമ്പിന് സമാനമായ ഇരുട്ടറകളിൽ ബോസ്നിയാക്കുകൾ എന്ന പേരിലറിയപ്പെടുന്ന ബോസ്നിയൻ മുസ്ലിം യുവത്വങ്ങൾ പട്ടിണി കാരണം പരസ്പരം മാന്തിപ്പറിക്കുന്നു. 

അങ്ങകലെ കുറച്ചു പേരെ കണ്ണുമൂടിക്കെട്ടി, കൈപിന്നിൽ ബന്ധിച്ച് തിരിച്ചുനിർത്തി വെടിവെച്ച് കൊല്ലുന്നു.

യുഎന്നിന് കീഴിലുള്ള പട്ടാളക്കാരാൽ സംരക്ഷിതമാണെന്ന് കരുതിയിരുന്ന സ്രെബ്രനിക്ക എന്ന  സ്ഥലത്താണ് ഹിറ്റ്ലറുടെ ക്രൂരതയേക്കാൾ വലുത് അരങ്ങേറിയത്. പന്ത്രണ്ടിനും എഴുപത്തിയേഴിനും ഇടയിൽ പ്രായമുള്ള എണ്ണായിരം പുരുഷൻമാരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്.

ഇവർക്കുവേണ്ടിയുള്ള നീതിയാണ് ഹേഗിലെ രാജ്യാന്തരകോടതിയിൽ നിന്നും ഉയർന്നത്. പക്ഷെ ഇതൊന്നും നീതിയേയല്ല എന്ന് കാലം അടിവരയിടും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ അരങ്ങേറിയ ഏറ്റവും വലിയ മാനവകൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത സൈനിക കമാൻഡറാണ് ഹേഗിലെ കോടതിയിൽ ഒരു ഭാവഭേദവമില്ലാതെ നിന്നത്.

റാട്കോ മ്ലാഡിക്.

ബോസ്നിയ ഹെർസഗോവിന എന്ന ചെറു രാജ്യത്തെക്കുറിച്ച് കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ കാലത്താണ്  കൂടുതലറിഞ്ഞത്. റിയോയിൽ നടന്ന കാൽപന്തുകളിയുടെ പെരുങ്കളിയാട്ടത്തിൽ പങ്കെടുക്കാൻ അവരും അർഹത നേടിയിരുന്നു. അന്നാണ് ആ രാജ്യത്തിന്റെ അസ്ഥിത്വം തിരഞ്ഞു പോയത്.

സ്വന്തം രാജ്യത്ത് മണ്ണ് അൽപമൊന്ന് കുഴിച്ചു നോക്കിയാൽ കാണുന്ന അസ്ഥികൂടങ്ങളുടെ ഭീകരകാഴ്ചകളിൽ നിന്നുള്ള മോചനം കൂടിയാണ് ആ ജനതയ്ക്ക് കാൽപന്തുകളി എന്നും കളിയെഴുത്തുകാർ എഴുതിക്കൂട്ടി.

യൂഗോസ്ലാവിയയുടെ ശിഥിലീകരണമാണ്  ബോസ്നിയൻ യുദ്ധത്തിനും വംശഹത്യയ്ക്ക് വിത്തു പാകിയത്. നാൽപത്തിനാല് ശതമാനം മുസ്ലിം ബോസ്നിയാക്കുകളും മുപ്പത്തിരണ്ട് ശതമാനം ഒാർത്തഡോക്സ് സെർബുകളും പതിനേഴ് ശതമാനം ക്രോട്ടുകളും അധിവസിച്ചയിടമാണ് സോഷ്യലിസ്റ്റ് റിപബ്ലിക് ഒാഫ് ബോസ്നിയ ഹെർസെഗോവിന. പഴയ യൂഗോസ്ലാവിയയുടെ ഭാഗം.

സെർബുകൾ എതിർത്തിട്ടും സ്വതന്ത്രരാജ്യത്തിനുള്ള ഹിതപരിശോധന സജീവമായി നിന്നു. സെർബിയൻ ഗവൺമെന്റിന്റെയും യൂഗോസ്ലാവ് പീപ്പിൾ ആർമിയുടെയും പിന്തുണയോടെ ബോസ്നിൻ സെർബുകൾ ഒരു ഭാഗത്ത്. ബോസ്നിയാക്കുകൾ എന്നറിയപ്പെടുന്ന ബോസ്നിയൻ മുസ്ലിം വിഭാഗവും ക്രോട്ടുകളും മറു വശം. ആയുധങ്ങളുടെയും അംഗബലത്തിന്റെയും അടിസ്ഥാനത്തിൽ ബോസ്നിയൻ സെർബുകൾക്കായിരുന്നു മേധാവിത്വം. അങ്ങനെ അവർ ആ നാട്ടിൽ വംശീയ ശുദ്ധീകരണത്തിന് തുടക്കമിട്ടു.

റാക്ടിക് മ്ലാഡിക് എന്ന സൈനിക കമാൻഡറുടെ കീഴിൽ 1992 ൽ തുടങ്ങിയ ആ ഉൻമൂലനം 1995 ൽ രാജ്യന്തര സമൂഹം ഇടപെടുന്നതുവരെ നീണ്ടു. സ്രെബ്രിനിക്കയിൽ മാത്രം കൊല ചെയ്യപ്പെട്ടത് എണ്ണായിരം ബോസ്നിയൻ മുസ്ലീങ്ങൾ. 

മറ്റ് തെരുവുകളിലെ ചോരപ്പുഴകളിൽ ഒഴുകിപ്പോയത് പതിനാരക്കണക്കിന് ജീവനുകൾ. ഒരു ദേശം അക്ഷരാര‍ത്ഥത്തിൽ ചിന്നഭിന്നമായിപ്പോയി. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള നിയമസംവിധാനങ്ങൾ മ്ലാഡിക്കിന് വേണ്ടി പിന്നീട് വല വിരിച്ചെങ്കിലും സെർബിയൻ മണ്ണിൽ സമർഥമായി അയാൾ ഒളിവിൽക്കഴിഞ്ഞു.

ഒടുവിൽ 2011 മെയ് മാസത്തിൽ നോർത്തേൻ സെർബിയയുടെ ലാസറോവോ എന്ന സ്ഥലത്തു നിന്നും ആ കുറ്റവാളി പിടിയിലായി.

മരണം വരെ തടവാണ് ശിക്ഷ. ജീവിതത്തിന്റെ സായന്തനത്തിൽ ആ ശിക്ഷ ഒരുതരത്തിൽ മ്ലാഡികിന് സുഖകരം കൂടിയാണ്. സമയം കൊല്ലാൻ ചെസ് കളിക്കാനും ടിവി കാണാനും ജയിലറയിൽ സൗകര്യമുണ്ട്.

രാജ്യാന്തര കോടതിയുടെ ഇടപെടുകളും കാൽനൂറ്റാണ്ടിന് ശേഷം നടന്ന വിധിയും പ്രഹസനമെന്നും ചില അഭിപ്രായങ്ങളുണ്ട്. കുറ്റകത്യങ്ങൾക്കുപിന്നിൽ പ്രവർത്തിച്ചവർ നിയമത്തിനു മുന്നിൽ വന്നില്ലെന്ന വാദവും സജീവം.

മ്ലാഡികിന് കാലം കാത്തുവെച്ച ശിക്ഷ കൈമാറുമ്പോള്‍ ചരിത്രത്തിലെ ഒട്ടൊരുപാട് ചോരപ്പാടുകളും ലോകത്തിന്റെ ഓര്‍മയിലേക്ക് കടന്നെത്തുന്നു.