നോക്കി മടുത്തു, വിരസത മാറ്റാൻ നഴ്സ് കൊന്നത് 108 രോഗികളെ

കോടതിയിൽ മുഖം മറച്ചിരിക്കുന്ന നീൽ ഹോഗൽ

നഴ്‌സുമാരെ ഭൂമിയിലെ മാലാഖമാര്‍ എന്നാണ് വിശേഷിപ്പിക്കാറ്. എന്നാൽ ജര്‍മ്മനിയില്‍ ഒരു നഴ്‌സ് അറിയപ്പെടുന്നത് ചെകുത്താനെന്ന പേരിലാണ്. ബെര്‍ലിനിൽ രോഗികളെ നോക്കി മടുത്ത ഒരു പുരുഷ നഴ്‌സ് വിരസതയകറ്റാൻ മരുന്ന് കുത്തിവച്ച് കൊന്നൊടുക്കിയത് 106 രോഗികളെയാണ്. 

നീല്‍സ് ഹോഗല്‍ എന്ന 41 വയസുകാരനാണ് ചികിത്സ കാത്തുകിടക്കുന്ന രോഗികളോട്‌ കൊടും ക്രൂരത കാണിച്ചത്. ബെര്‍മെന്‍ നഗരത്തിനു സമീപമുള്ള ദെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയിലെ ജീവനക്കാരനായിരുന്നു നീല്‍സ്. തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നിരുന്ന രോഗികളെയാണ് ഇയാൾ മാരകമായ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയത്.

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ നോക്കി മടുത്തത് കൊണ്ടാണ് അവരെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് നീല്‍സ് പറയുന്നത്. 2005 ല്‍ നീല്‍സ് ഒരു രോഗിയില്‍ മരുന്ന് കുത്തിവയ്ക്കുന്നത് മറ്റൊരു നഴ്‌സ് കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അന്ന് ആ രോഗി രക്ഷപ്പെട്ടിരുന്നു. 2008 ൽ കൊലപാതക ശ്രമത്തിന് നീല്‍സിനെ കോടതി ഏഴര വര്‍ഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ചിരുന്നു.

പിന്നീട് പൊലീസിന്റെ കൂടുതൽ അന്വേഷണത്തിലാണ് ഇയാൾ 90 പേരെ വകവരുത്തിയെന്ന് കണ്ടെത്തിയത്. 1999 മുതല്‍ 2005 വരെ ഇയാള്‍ ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളിലായി 16 പേരെ കൂടി വകവരുത്തിയതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ 106 ഓളം രോഗികളെയാണ് നീൽസ് കൊലപ്പെടുത്തിയത്. നീല്‍സിനെതിരായ പുതിയ കുറ്റപത്രം അടുത്തവര്‍ഷം ആദ്യം നല്‍കാനാകുമെന്ന് പ്രൊസിക്യുഷന്‍ വ്യക്തമാക്കി.