ഒരു നഗരത്തിന്റെ വിശപ്പടക്കുകയാണ് ഒരു കൂട്ടം ഷെഫുകള്‍

ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ അവഗണിക്കപ്പെടുന്ന ഒട്ടേറെ പേരുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ റിയോ ഡി ജനീറോയിലെ തങ്ങളുടെ ഭക്ഷണശാലയിലൂടെ ഒരു നഗരത്തിന്റെ വിശപ്പടക്കുകയാണ് ഒരു കൂട്ടം ഷെഫുകള്‍. 

ഇത് ഗഗന്‍ ആനന്ദ്. ഇന്ത്യയിലെ പ്രശസ്തനായ പാചകക്കാരന്‍. ഇദ്ദേഹം ഭക്ഷണം തയ്യാറാക്കുന്നത് പണക്കാരനു വേണ്ടിയല്ല. ഒരു നേരത്തെ ആഹാരം പോലും കഴിക്കാന്‍ വകയില്ലാത്ത റിയോ ഡി ജനീറോയിലെ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ്. ആനന്ദ് മാത്രമല്ല. ഡേവിഡ് ഹേര്‍ട്സിനേയും മസീമോ ബൊട്ടൂറയേയും പോലുള്ള ലോകോത്തര ഷെഫുകളും ഇവര്‍ക്കായി ആഹാരമുണ്ടാക്കുന്നു. 

ഒരു നേരത്തെ ആഹാരം സ്വപ്നതുല്യമായിരുന്ന ഒട്ടേറെപ്പേര്‍ക്ക് ആഡംബര ഹോട്ടലുകളിലെ ഭക്ഷണം ഇവര്‍ സ്നേഹത്തോടെ വച്ചു നീട്ടുന്നു. പാവപ്പെട്ടവനായാണോ പണക്കാരനായാണോ ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് നോക്കാതെ ഒത്തിരി സ്നേഹം നിറച്ച് അവര്‍ പാകം ചെയ്തു കൊണ്ടിരിക്കുന്നു. റിയോയിലാരും വിശക്കാതിരിക്കാന്‍.