വാഷിങ്ടൻ ∙ കഴിഞ്ഞ 137 വർഷത്തിനിടെ ഏറ്റവും ചൂടേറിയ വർഷമാണു കടന്നുപോയതെന്നു യുഎസ് കാലാവസ്ഥാ ശാസ്ത്രജ്ഞർ. തുടർച്ചയായ മൂന്നാം വർഷവും ചൂട് റെക്കോർഡ് ഭേദിച്ചു. 2016ലാണ് ആഗോള താപനില റെക്കോർഡ് തൊട്ടത്.
ആഗോളതാപനവും പസഫിക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹമായ എൽ നിനോ കഴിഞ്ഞ വർഷമാദ്യം ഉണ്ടായതുമാണു ഭൂമിയെ പൊള്ളിച്ചതെന്നു യുഎസ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ട് പറയുന്നു.
കരയിലെയും കടലിലെയും താപനില, സമുദ്രനിരപ്പ്, കാർബൺ വാതക നിർഗമന തോത് എന്നിവയിലെല്ലാം 2016ൽ വർധനയുണ്ടായി. 60 രാജ്യങ്ങളിലെ അഞ്ഞൂറിലേറെ ശാസ്ത്രജ്ഞർ നൽകിയ വിവരങ്ങൾ ക്രോഡീകരിച്ചാണു റിപ്പോർട്ടുണ്ടാക്കിയത്.